വന്ദേഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തില്‍പ്പെട്ടു; മുന്‍ഭാഗം തകര്‍ന്നു

news image
Oct 7, 2022, 4:58 pm GMT+0000 payyolionline.in

ദില്ലി: വന്ദേഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തില്‍പ്പെട്ടു. പോത്തുകളുടെ കൂട്ടത്തില്‍ ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് വീണ്ടും അപകടം. ഇത്തവണ പശുവുമായി ഇടിച്ചാണ് വന്ദേഭാരത് എക്സ്പ്രസ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച  ഗാന്ധിനഗര്‍- മുംബൈ റൂട്ടില്‍ അനന്ദ് സ്റ്റേഷന് സമീപത്താണ് പുതിയ സംഭവം. ട്രെയിന്‍ ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആദ്യ കോച്ചിന്റെ മുന്‍ഭാഗം ചളുങ്ങിയിട്ടുണ്ട്. അപകടത്തെ തുടര്‍ ട്രെയിന്‍ പത്ത് മിനുട്ടോളം നിര്‍ത്തിയിട്ട് പരിശോധന നടത്തിയതിന് ശേഷമാണ് സര്‍വീസ് പുനഃരാരംഭിച്ചത്.

കഴിഞ്ഞദിവസവും ഇതേ റൂട്ടിലാണ് വന്ദേഭാരത് ട്രെയിന്‍ കന്നുകാലി കൂട്ടത്തിലിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ നാല് പോത്തുകള്‍  ചത്തിരുന്നു. പോത്തുകളെ ഇടിച്ച് ട്രെയിനിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഗുജറാത്തിലെ മണിനഗര്‍ -വട്വ സ്റ്റേഷനുകള്‍ക്കിടയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം..

കന്നുകാലികളുമായുള്ള ഇത്തരം കൂട്ടിയിടി പ്രതീക്ഷിച്ചതാണെന്നും അതുകൂടി മനസ്സില്‍ കണ്ടുകൊണ്ടാണ് ട്രെയിന്‍ രൂപകല്‍പന ചെയ്തതെന്നുമായിരുന്നു അപകടത്തിന് ശേഷം  കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ പ്രതികരണം. പോത്തുകളുമായി കൂട്ടിയിടിച്ച് തകർന്ന വന്ദേഭാരത് ട്രെയിനിന്റെ മുൻഭാ​ഗം 24 മണിക്കൂറിനുള്ളിൽ തന്നെ അധികൃതര്‍ നേരെയാക്കിയിരുന്നു. കൂട്ടിയിടിച്ചാൽ പുറംചട്ട പൊളിയുന്ന തരത്തിലാണ് പുത്തൻ വന്ദേഭാരതിന്റെ മുൻഭാഗം ഫൈബർകൊണ്ട് നിർമിച്ചിരിക്കുന്നതെന്ന് ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലെ വിദഗ്‌ധർ പറയുന്നു.

പാളംതെറ്റാതിരിക്കാൻ ഇത് ഉപകരിക്കും. മാത്രമല്ല സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ, മുൻ വന്ദേ ഭാരത് ട്രെയിനുകളിൽ ഇല്ലാതിരുന്ന ഓട്ടോമാറ്റിക് ആന്റി കൊളിഷൻ സിസ്റ്റമാണ് പുതിയ ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നത്. കോച്ചുകളിൽ ഡിസാസ്റ്റർ ലൈറ്റുകളും ഉണ്ട്. അതേസമയം ഗാന്ധി നഗർ മുംബൈ വന്ദേഭാരത് ട്രെയിനിന്‍റെ മുന്‍വശം പോത്തിന്‍കൂട്ടത്തെ ഇടിച്ച് തകര്‍ന്ന സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. പോത്തുകളുടെ ഉടമകള്‍ക്കെതിരെയാണ് ആര്‍ പി എഫ് കേസ് എടുത്തിട്ടുള്ളത്. എന്നാല്‍, ഇതുവരെ പോത്തുകളുടെ ഉടമകളെ കണ്ടെത്താന്‍ ആര്‍ പി എഫിന് സാധിച്ചിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe