വടക്കാഞ്ചേരി ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കും, മദ്യപിച്ചോ എന്നറിയാനും വൈദ്യപരിശോധന നടത്തി

news image
Oct 7, 2022, 6:38 am GMT+0000 payyolionline.in

പാലക്കാട്: വടക്കാഞ്ചേരി ബസ് അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി ആരംഭിച്ചെന്ന് പാലക്കാട് എൻഫോഴ്സ്മെൻറ് ആർടിഒ അറിയിച്ചു. ഇന്ന് ഉച്ചയോടെ സ്ഥലം സന്ദർശിച്ച ശേഷം വിശദ റിപ്പോർട്ട് തയ്യാറാക്കുമെന്ന് എൻഫോഴ്സ്മെൻ്റ് ആര്‍ടിഒ എം.കെ.ജയേഷ് കുമാർ അറിയിച്ചു. ബസ് ഉടമയ്ക്ക് എതിരെയുള്ള നടപടി വിശദാന്വേഷണത്തിന് ശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമായി.

അതേസമയം വടക്കാഞ്ചേരി ബസപകടത്തിൽ ഡ്രൈവറുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാക്കനാട് ലാബിലേക്കാണ് സംപിൾ അയച്ചത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് ഈ പരിശോധന. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ഇയാളുടെ സാമ്പിൾ എടുത്തത്. വടക്കഞ്ചേരി അപകടത്തിൽ തുടര്‍ നടപടികൾ തീരുമാനിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ യോഗം ചേര്‍ന്നിരുന്നു. ഡ്രൈവർക്കെതിരെ ഏതൊക്കെ വകുപ്പുകൾ ചുമത്തണം എന്നതിലായിരുന്നു ചർച്ച. ആലത്തൂർ ഡിവൈഎസ്പിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാൻ തീരുമാനിച്ചു.

 

അപകടമുണ്ടാക്കിയ ബസും ഡ്രൈവറുമായും ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിൽ നിന്നും ശേഖരിച്ച് പോരുകയാണെന്ന് ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു. ഇന്നലെ വൈകീട്ട് തന്നെ ഡ്രൈവറുടെ വൈദ്യപരിശോധന നടത്തിയിട്ടുണ്ടെന്നും മദ്യപിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ഡിവൈഎസ്പി അറിയിച്ചു. ഡ്രൈവറുടെ മുൻകാല പശ്ചാത്തലം
അടക്കം പരിശോധിക്കും. മറ്റു സംസ്ഥാനങ്ങളിൽ ഇയാൾ ഗതാഗത നിയമലംഘനം നടത്തിയോ എന്ന കാര്യവും പരിശോധിക്കും. അപകടത്തിൽപ്പെട്ട കെഎസ്ആര്‍ടിസി ബസിൻ്റെ ഭാഗത്ത് പിഴവുണ്ടായോ എന്ന കാര്യവും പരിശോധിക്കുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

അപകടസ്ഥലത്ത് വെളിച്ചക്കുറവുണ്ടായിരുന്നു, ഇതും അത്യാഹിതത്തിന് ഇടയാക്കിയെന്നും അപകടം ഉണ്ടാകും എന്നറിഞ്ഞ് കൊണ്ടു തന്നെ അമിത വേഗത്തിൽ വാഹനമോടിച്ചതിനാലാണ് ഡ്രൈവര്‍ക്കെതിരെ 304 വകുപ്പ് പ്രകാരം കേസെടുത്തതെന്നും ബസുടമയ്ക്ക് എതിരെ കേസെടുക്കണോ എന്ന കാര്യം പരിശോധിക്കുമെന്നും ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.

അതിനിടെ ടൂറിസ്റ്റ് ബസുകൾക്കെതിരെ സംസ്ഥാന വ്യാപകമായി പരിശോധന നടക്കുകയാണ്. പത്തനംതിട്ട
റാന്നിയിൽ നിന്ന് കുട്ടികളുമായി ടൂർ പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ബസിൽ നിയമ വിരുദ്ധമായ ലൈറ്റുകളും, മ്യൂസിക് സംവിധാനവും കണ്ടെത്തി. പത്തനംതിട്ട RTO സ്ക്വാഡാണ് പരിശോധന നടത്തിയത്. നാളെ ആർടിഒ ഓഫീസിൽ വാഹനം ഹാജരാക്കാൻ നിർദേശം നൽകിയ ശേഷം ടൂർ തുടരാൻ അനുവദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe