‘റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച’; ഏറ്റുപറഞ്ഞ് മന്ത്രി റിയാസ്

news image
Sep 16, 2022, 3:07 am GMT+0000 payyolionline.in

കൊച്ചി : ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്. കുഴിയിൽ വീണ് ഒരാൾ മരിച്ചതിൽ ദുഖമുണ്ട്. ഈ റോഡ് 14 കിലോമീറ്റർ ദൂരം മുഴുവനായും റീ ടാ‍റിങ്ങ് ചെയ്യും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് റോഡിൽ കുഴിയില്ല എന്ന മുൻ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ ഈ ചോദ്യം ചോദിക്കാൻ നിങ്ങളെ ചിലർ ചുമതലപ്പെടുത്തിയതാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

 

അതേ സമയം, സംഭവത്തിൽ കരാറുകാരനെതിരെ പൊലീസ് കേസെടുത്തേക്കും. കേസെടുക്കുന്നതിലെ നിയമസാധ്യതകൾ പൊലീസ് തേടുന്നുണ്ട്. നേരത്തെ സമാനസംഭവത്തിൽ ദേശീയപാത കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ അറ്റകുറ്റ പണികൾക്ക് പിന്നാലെ റോഡ് വീണ്ടും തകർന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. അൽവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം ശക്തമാക്കാനാണ് തീരുമാനം. കുഞ്ഞുമുഹമ്മദിന്‍റെ മരണത്തിന്‍റെ ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe