റൊണാള്‍ഡോയുടെ ഗോളിനെ ചൊല്ലി വിവാദം; ‘റഫറിയുടേത് വലിയ പിഴവ്, അത് പെനാല്‍റ്റി ആയിരുന്നില്ല’; തുറന്ന് പറഞ്ഞ് ലൂയിസ് ഫിഗോ

news image
Nov 25, 2022, 8:02 am GMT+0000 payyolionline.in

ദോഹ: ലോകകപ്പില്‍ പുതു ചരിത്രമെഴുതിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിനെ ചൊല്ലി വിവാദം കടുക്കുമ്പോള്‍ പോര്‍ച്ചുഗല്‍ ഇതിഹാസ താരം ലൂയിസ് ഫിഗോയുടെ പ്രതികരണം ചര്‍ച്ചയാകുന്നു. ഒരിക്കലും അത് പെനാല്‍റ്റി നല്‍കരുതായിരുന്നു എന്നാണ് ഫിഗോയുടെ അഭിപ്രായം. അതൊരു പെനാൽറ്റിയാണെന്ന് കരുതുന്നില്ല, പക്ഷേ സ്വാഗതം ചെയ്യുന്നുവെന്ന് ഫിഗോ പറഞ്ഞു.

ഫിഗോയുടെ പ്രതികരണത്തെ പിന്തുണച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണിയും തന്റെ വിശകലനത്തിൽ അത് പെനാൽറ്റിയല്ലെന്ന് പറഞ്ഞു. തന്‍റെ അനുഭവ സമ്പത്ത് പൂര്‍ണമായി ഉപയോഗിച്ച് റൊണാള്‍ഡോ ആ പെനാല്‍റ്റി സ്വന്തമാക്കുകയായിരുന്നുവെന്നാണ് റൂണിയുടെ അഭിപ്രായം. ഘാനക്കെതിരെ പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്.

എന്നാല്‍, ആ ഗോള്‍ റഫറിയുടെ സമ്മാനമാണെന്നാണ് ഘാന പരിശീലകന്‍ ഓഡോ അഡോ തുറന്നടിച്ചത്. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടിനാവാതെ പോര്‍ച്ചുഗല്‍ കിതയ്ക്കുമ്പോഴാണ് 65-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിക്കുന്നത്. ബോക്സിനുള്ളില്‍ റൊണാള്‍ഡോയെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍, അമേരിക്കന്‍ റഫറി ഇസ്മയില്‍ എല്‍ഫാത്തിന്‍റേത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് ഇപ്പോള്‍ ഘാന പരിശീലകന്‍ വാദിക്കുന്നത്.

അതൊരു തെറ്റായ തീരുമാനം ആയിരുന്നു. എന്തുകൊണ്ടാണ് വാര്‍ ഇടപെടാത്തതെന്ന് മനസിലാകുന്നില്ലെന്നും ഓഡോ അഡോ പറഞ്ഞു. ആരെങ്കിലും ഒരു ഗോൾ നേടിയാൽ അഭിനന്ദിക്കണം. പക്ഷേ, റൊണാള്‍ഡോയുടെ ഗോള്‍ ഒരു സമ്മാനമായിരുന്നു, ശരിക്കും ഒരു സമ്മാനം. ഇതേക്കുറിച്ച് ശാന്തമായ രീതിയിൽ റഫറിയോട് ചോദിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം ഒരു മീറ്റിംഗിലാണെന്ന് പറഞ്ഞു. അര്‍ഹമായ മഞ്ഞക്കാര്‍ഡ‍ുകള്‍ ചിലത് ലഭിച്ചു.

പക്ഷേ, കൗണ്ടര്‍ അറ്റാക്കുകള്‍ തടഞ്ഞതും ജഴ്സി പിടിച്ച് വലിച്ചതുമായ കാര്യങ്ങള്‍ക്ക് അവര്‍ക്ക് മഞ്ഞക്കാര്‍ഡുകള്‍ നല്‍കിയില്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ലോകകപ്പിൽ ചരിത്രനേട്ടമാണ് പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. തുടർച്ചയായി അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ആണ് സിആര്‍ 7 ഘാനക്കെതിരായ ഗോളിലൂടെ പേരിലെഴുതിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe