റേഷൻ വ്യാപാരികൾക്ക് മുഴുവൻ കമ്മീഷനും നൽകും, സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കും: മന്ത്രി അനിൽ

news image
Nov 24, 2022, 2:28 pm GMT+0000 payyolionline.in

തിരുവനന്തപുരം: കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾ കടയടപ്പ് സമരം  പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന ഭക്ഷ്യ മന്ത്രി അനിൽ വിളിച്ച ചർച്ച വിജയം. ഇതോടെ കടയടപ്പ് സമരത്തിൽ നിന്ന് പിന്മാറുമെന്നും, ആ സമരം തങ്ങൾക്ക് താത്പര്യമില്ലാതിരുന്നിട്ടും പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ചതാണെന്നും റേഷൻ വ്യാപാരികളുടെ സംഘടനകൾ വ്യക്തമാക്കി. റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി.

 

ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി അനുവദിച്ച് ഉത്തരവായതെന്ന് മന്ത്രി പറഞ്ഞു. ഈ സാമ്പത്തികവര്‍ഷത്തെ (2022-23) റേഷന്‍ വ്യാപാരി കമ്മീഷന്‍ ഇനത്തിലുള്ള‍ ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു.  എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷനായി നൽകേണ്ടുന്ന തുക ബജറ്റ് വകയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുന്‍കൂട്ടി കാണാന്‍ സംസ്ഥാന സര്‍ക്കാരിന് കാണാന്‍ കഴിയാതെപോയതെന്നും മന്ത്രി ചർച്ചയിൽ വിശദീകരിച്ചു.

 

റേഷൻ വ്യാപാരികൾക്ക് കമ്മീഷനായി പ്രതിമാസം ശരാശരി 15 കോടി രൂപ ആവശ്യമാണ്. പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ കമ്മീഷന്‍ കൂടി ചേരുമ്പോൾ 28 കോടി രൂപയോളം ആവശ്യമായി വന്നു. ഇതും മുടക്കം കൂടാതെ സെപ്റ്റംബര്‍  മാസം വരെ വ്യാപാരികള്‍ക്ക് നൽകിവന്നു. കമ്മീഷന്‍ ഇനത്തില്‍ സെപ്റ്റംബര്‍ വരെ 105കോടി രൂപ നല്കേണ്ടിയിരുന്ന സ്ഥാനത്ത് റേഷന്‍ വ്യാപാരികൾക്ക് 196 കോടി രൂപ നൽകിക്കഴിഞ്ഞു.  ഇതുമൂലം ഒക്ടോബര്‍ മാസത്തിലെ കമ്മീഷന്‍ പൂര്‍ണ്ണമായി നൽകാന്‍ അധികമായി തുക ധനകാര്യ വകുപ്പ് അനുവദിക്കേണ്ടതായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനായുള്ള നിര്‍ദ്ദേശം ഭക്ഷ്യ വകുപ്പ് ധനവകുപ്പിന് നല്കുകയും ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണ്ണമായിത്തന്നെ താമസംവിനാ വിതരണം ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചു.

 

കടയടച്ച് സമരം ചെയ്യുന്നതില്‍ തങ്ങൾക്ക് താല്പര്യമില്ല എന്നും പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നേയുള്ളൂ എന്നും സംഘടനാ പ്രതിനിധികൾ യോഗത്തില്‍ പറഞ്ഞു. സാങ്കേതിക തകരാർ സുഗമമായ റേഷന്‍ വിതരണത്തെ ബാധിക്കാ തിരിക്കുന്നതിനായി റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം നവംബര്‍ 25 മുതല്‍ 30 വരെ പുനക്രമീകരിക്കുന്നതായി മന്ത്രി യോഗത്തെ അറിയിച്ചു. വിവിധ ജില്ലകളിലെ പുതുക്കിയ സമയക്രമം താഴെപ്പറയും പ്രകാരമായിരിക്കുന്നതാണ്. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നവംബര്‍ 25, 28, 30 തീയതികളില്‍ രാവിലെ 8 മുതല്‍ 1 മണി വരെയും നവംബര്‍ 26, 29 തീയതികളില്‍ ഉച്ചയ്ക്കു ശേഷം 2 മണി മുതല്‍ 7 മണി വരേയും പ്രവര്‍ത്തിക്കുന്നതാണ്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ നവംബര്‍ 26, 29 തീയതികളില്‍ രാവിലെ 8 മുതല്‍ 1 മണി വരേയും നവംബർ 25, 28, 30 തീയതികളില്‍‍ ഉച്ചയ്ക്കുശേഷം 2 മണി മുതല്‍ 7 മണി വരേയും പ്രവര്‍ത്തിക്കുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe