മോസ്‌കോ : റഷ്യൻ ആയുധവിദഗ്ധനും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്ത അനുയായിയുമായ മിഖൈൽ ഷാറ്റ്‌സ്‌കി വെടിയേറ്റു മരിച്ചു. വെടിയേറ്റ് വീണുകിടക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉക്രയ്‌നുമായുള്ള യുദ്ധത്തിൽ റഷ്യ ഉപയോഗിച്ച മിസൈലുകൾ വികസിപ്പിക്കുന്ന റഷ്യൻ കമ്പനിയായ മാർസ് ഡിസൈൻ ബ്യൂറോയുടെ ഡെപ്യൂട്ടി ജനറൽ ഡിസൈനറും സോഫ്റ്റ്‌വെയർ വിഭാഗം മേധാവിയുമായിരുന്നു മിഖായേൽ ഷാറ്റ്‌സ്‌കി. ക്രെംലിന് 13 കിലോമീറ്റർ അകലെയുള്ള കുസ്‌മിൻസ്‌കി വനത്തിനുള്ളിൽവച്ചാണ് ഷാറ്റ്‌സ്‌കി കൊല്ലപ്പെട്ടത്.
രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് വധത്തിനുപിന്നിലെന്ന് ഉക്രയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മരണം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. ഉക്രയ്‌നെതിരെ റഷ്യ ഉപയോഗിക്കുന്ന കെഎച്ച് 59, കെഎച്ച് 69 മിസൈലുകളെ ആധുനികവൽക്കരിച്ചത് ഷാറ്റ്‌സ്‌കിയാണ്. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഡ്രോണുകൾ വികസിപ്പിച്ചെടുക്കാൻ ശ്രമം നടത്തിവരികയായിരുന്നു അദ്ദേഹം.