രാജ്യം സമ്പന്നരുടെ ഇന്ത്യയും ദരിദ്രരുടെ ഭാരതവും ആയി മാറി: മന്ത്രി എം ബി രാജേഷ്

news image
Jan 28, 2023, 11:28 am GMT+0000 payyolionline.in

തിരുവനന്തപുരം:  കേന്ദ്രത്തിന്റെ നവ ലിബറൽ ഭരണം രാജ്യത്തെ സമ്പന്നരുടെ ഇന്ത്യയും ദരിദ്രരുടെ ഭാരതവും ആക്കി മാറ്റിന്ന് തദ്ദേശ സ്വയം ഭരണ  മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇന്ത്യ തിളങ്ങുകയാണെന്ന് അവകാശപ്പെടുമ്പോഴും ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിക്കുകയാണ്. കഴിഞ്ഞ ദിവസം നാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. എന്നാൽ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ജനങ്ങളെ രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വിഭജിച്ച് കൊണ്ടാണ് ഭരണം നടക്കുന്നത്. ഓക്സ്ഫാം പ്രസിദ്ധീകരിച്ച് റിപ്പോർട്ട് അനുസരിച്ച് വ്യക്തമാകുന്ന കാര്യം പണക്കാരുടെ ഇന്ത്യയും പാവങ്ങളുടെയും ദരിദ്രരുടെയും ഭാരതവും എന്ന മട്ടിൽ രാജ്യം കൃത്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നാണ്. പട്ടിണി സൂചികയിൽ ആകെ 126  രാഷ്ട്രങ്ങളിൽ ഇന്ത്യ നൂറ്റി ഏഴാം സ്ഥാനത്താണ്.

തിരുവനന്തപുരത്ത് കോ ബാങ്ക് ടവേഴ്സിൽ ആൾ ഇന്ത്യ കൗൺസിൽ ഓഫ് ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് അസോസിയേഷൻസ് രണ്ടാമത് അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു എം ബി രാജേഷ്.  രാഷ്ട്ര നിർമ്മാണത്തിന് പൊതുമേഖലാ ബാങ്കുകൾ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. 1990 കളിൽ ആരംഭിച്ച നവ ലിബറൽ പരിഷ്‌കാരങ്ങൾ 2014 ലെയും 2019 ലെയും മോഡി സർക്കാരുകൾ കൂടുതൽ തീവ്രതയോടെ നടപ്പിലാക്കുകയാണ്. ബാങ്കിംഗ് മേഖലയും ഇതിന്റെ ആഘാതങ്ങൾക്ക് വിധേയമാകുന്നു. പൊതുമേഖലാ ബാങ്കുകളിലെ കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ എഴുതി തള്ളുന്നത് അവയുടെ ലാഭത്തെയും പ്രവർത്തനത്തെയും ബാധിക്കുകയാണ്. 11 ലക്ഷം കോടിയിൽ പരം രൂപയാണ് കഴിഞ്ഞ 5 വര്ഷം കൊണ്ട് എഴുതി തള്ളിയത്. ഇത്തരത്തിൽ പ്രതിസന്ധിയിലായ ബാങ്കുകളെ ലാഭത്തിൽ ആക്കാൻ എന്ന പേരിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്.

മോഡി ഭരണത്തിന് കീഴിൽ ക്രോണി കാപിറ്റലിസത്തിന്റെ വളർച്ചയാണ് ദൃശ്യമായത്, അദാനിയുടെ ആസ്തി പതിന്മടങ്ങായി വർധിച്ചു. കോവിഡ് കാലത്ത് ഇന്ത്യയിയിലെ ജനങ്ങൾ ദുരിതത്തിലും കഷ്ടപ്പാടിലും ആഴ്ന്നപ്പോൾ ശതകോടീശ്വരന്മാരുടെ എണ്ണം 106ൽ നിന്ന് 166 ആയി. അവരുടെ സമ്പത്തും അഭൂതപൂർവമായ തരത്തിൽ വർധിച്ചു. രാജ്യത്തെ ഒരു ശതമാനം വരുന്ന ധനികർ സമ്പത്തിന്റെ നാല്പത് ശതമാനം കൈയടക്കി വെച്ചിരിക്കുകയാണ്.

നവലിബറൽ നയങ്ങൾക്കെതിരായ ബദൽ ഉയർത്തുവാനാണ് ഒരു സംസ്ഥാന സർക്കാരിന്റെ പരിമിതികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട്  കേരളത്തിലെ ഇടത് പക്ഷ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ കേരളത്തിന് ലഭിക്കേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ നിഷേധിച്ച് കൊണ്ട് കേന്ദ്ര ഗവർമെന്റ് സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. ജിഎസ് ടി നഷ്ടപരിഹാരത്തിൽ ഉൾപ്പെടെ ഈ സമീപനം കാണാം. കേരള ബദലിനെ അട്ടിമറിക്കുക എന്നതാണ് ലക്‌ഷ്യം. എങ്കിലും എല്ലാ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനപക്ഷ ബദൽ നയങ്ങളുമായി മുന്നോട്ട് പോവുക എന്നത് തന്നെയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ബാങ്ക് ഓഫ് ബറോഡ ജീവനക്കാരുടെ ദേശീയ സമ്മേളനം തൊഴിലാളികളെയും ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യുമെന്നും സ്വകാര്യവൽക്കരണ നവലിബറൽ നയങ്ങൾക്കെതിരായ പ്രതിരോധങ്ങൾ ഉയർത്തിക്കൊണ്ട് വരും എന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ശശി ഭൂഷൺ മോഹന്തി (പ്രസിഡന്റ്, ആൾ ഇന്ത്യ കൗൺസിൽ ) അധ്യക്ഷത വഹിച്ച യോഗത്തിൽ ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ. നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. അഖിലേന്ത്യാ ജോ.സെക്രട്ടറി എസ് .എസ് .അനിൽ , സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ കുമാർ എന്നിവർ അഭിവാദ്യം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.വി.ജോസ് സ്വാഗതവും ജനറൽ കൺവീനർ എസ് എൽ ദിലീപ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe