യുവാക്കളുടെ അറസ്റ്റ്; തടിയൻ്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് ബെംഗളുരു പൊലീസ്

news image
Jul 28, 2023, 9:13 am GMT+0000 payyolionline.in

ബെം​ഗളൂരു: തടിയൻ്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് ബെംഗളുരു പൊലീസ്. ബെംഗളുരുവിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒരു സംഘം തീവ്രവാദബന്ധമുള്ള യുവാക്കളെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ജയിലിൽ വെച്ച് തീവ്രവാദത്തിലേക്ക് ആകർഷിച്ചത് നസീർ ആണെന്നാണ് പിടിയിലായവരുടെ മൊഴി. 2008 ലെ ബെംഗളുരു സ്ഫോടനക്കേസിൽ പ്രതിയായി പരപ്പന അഗ്രഹാര ജയിലിലാണ് തടിയന്റവിട നസീർ. മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുമ്പോഴാണ് നസീർ പ്രതികളെ പരിചയപ്പെടുന്നത്.

കർണാടക സ്വദേശികളായ അഞ്ച് പേരാണ് ആഴ്ച്ചകൾക്ക് മുമ്പ് ബെംഗളൂരുവിൽ അറസ്റ്റിലായത്. സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ ഒരു വീട്ടിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ബെംഗളുരു സെൻട്രൽ ജയിലിൽ വച്ച് ഇവരെ തീവ്രവാദപ്രവർത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്‍റവിട നസീറാണെന്നും, ആക്രമണത്തിന്‍റെ പദ്ധതിയുടെ സൂത്രധാരൻ നസീറായിരുന്നെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്ഫോടനത്തിന് പദ്ധതിയിട്ടതെന്നാണ് പൊലീസ് പറഞ്ഞത്. ഒളിവിലുള്ള അഞ്ച് പേർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ് വ്യക്തമാക്കി. ബെംഗളുരുവിൽ വൻ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് പറയുന്നു. ഇവർക്ക് ലഷ്കർ ഇ ത്വയ്യിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും സിസിബി വ്യക്തമാക്കുന്നു. വൻ ആയുധ ശേഖരമാണ് ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്.

 

ഏഴ് നാടൻ് തോക്കുകൾ, 45 ഉണ്ടകൾ, കത്തികൾ, വാക്കി ടോക്കി സെറ്റുകൾ, 12 മൊബൈലുകൾ, നിരവധി സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തു. ഈ പ്രതികളെല്ലാം 2017-ൽ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ബെംഗളുരു ജയിലിലായിരുന്നു. ഇപ്പോഴും ബെംഗളുരു സെൻട്രൽ ജയിലിലുള്ള തടിയന്‍റവിട നസീറാണ് ഇവരെ തീവ്രവാദ പ്രവർത്തനത്തിലേക്ക് കൊണ്ടുവരുന്നത്. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട് വരികയായിരുന്നുവെന്നും, ഇതിന്‍റെ ഭാഗമായാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളും അടക്കം ശേഖരിച്ച് തുടങ്ങിയതെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe