മേപ്പയ്യൂരിലെ ദീപകിനെ പോലീസ് ഏറ്റുവാങ്ങി

news image
Feb 1, 2023, 10:30 am GMT+0000 payyolionline.in

പേരാമ്പ്ര: മേപ്പയ്യൂരില്‍നിന്ന് എട്ടുമാസംമുമ്പ് കാണാതായ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിനെ (36) മാസങ്ങള്‍നീണ്ട അന്വേഷണത്തിനുശേഷം  ഗോവയില്‍ കണ്ടെത്തി. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദിന്റെ മൃതദേഹം ദീപക്കിന്റേതാണെന്ന് കരുതി മാറിസംസ്‌കരിച്ചത് നേരത്തേ വിവാദമായിരുന്നു. തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹമാണ് ഏറ്റുവാങ്ങി സംസ്‌കരിച്ചിരുന്നത്.

 

 

ഇര്‍ഷാദിന്റെ കേസന്വേഷണത്തിനിടെ ഡി.എന്‍.എ. പരിശോധനയിലാണ് മരിച്ചത് ദീപക്കല്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന്, ദീപക്കിനെ കണ്ടെത്താനായി നാദാപുരം കണ്‍ട്രോള്‍ റൂം ഡിവൈ.എസ്.പി. അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. മാസങ്ങള്‍പിന്നിട്ടിട്ടും ദീപക്കിനെ കണ്ടെത്താന്‍ കഴിയാതെവന്നതോടെ അമ്മ ശ്രീലത ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. തുടര്‍ന്നാണ് മൂന്നുമാസംമുമ്പ് സര്‍ക്കാര്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഗോവന്‍ പോലീസിന്റെയും സി.ഐ.ഡി.യുടെയും സഹായത്തോടെ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഗോവയിലെ മഡ്ഗാവില്‍നിന്ന് ദീപക്കിനെ കണ്ടെത്തിയത്.

ഗോവയിലെ പോലീസ് സ്റ്റേഷനിലുള്ള ദീപക്കിനെ കേരളത്തിലേക്കെത്തിക്കാനായി ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച വൈകീട്ട് പുറപ്പെട്ടതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസ് പറഞ്ഞു. ദീപക്ക് താമസിച്ചുവരുന്ന ലോഡ്ജില്‍ നല്‍കിയ ആധാര്‍കാര്‍ഡ് കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണമാണ് കണ്ടെത്താന്‍ സഹായിച്ചത്. ഇയാളുടെ ഫോട്ടോ ഗോവന്‍പോലീസ് ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. ഇതുംകൂടി പരിശോധിച്ചാണ് ദീപക്കാണെന്ന് സ്ഥിരീകരിച്ചത്. ഇയാളെ ചോദ്യംചെയ്താലേ തിരോധാനത്തിലെ ദുരൂഹത നീങ്ങൂ. എസ്.ഐ.മാരായ പി.പി. മോഹനകൃഷ്ണന്‍, കെ.പി. സുരേഷ് ബാബു, കെ.പി. രാജീവന്‍, വി.പി. രവി, സന്തോഷ്, എ.എസ്.ഐ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ അന്വേഷണസംഘം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe