മെറ്റ തീവ്രവാദ സംഘടനയെന്ന് വീണ്ടും റഷ്യ; പട്ടികയിൽ ഉൾപ്പെടുത്തി

news image
Nov 26, 2022, 8:10 am GMT+0000 payyolionline.in

മോസ്കോ ∙ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയെ റഷ്യൻ നീതിന്യായ മന്ത്രാലയം തീവ്രവാദ സംഘടനകളുടെ പട്ടികയിൽ പെടുത്തിയതായി വാർ‌ത്താ ഏജൻസിയായ റോയിട്ടേഴ്സ്. ഒരു റഷ്യൻ മാധ്യമത്തെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. മെറ്റയ്ക്കെതിരെ റഷ്യ നടത്തുന്ന നീക്കങ്ങളിൽ ഒടുവിലത്തേതാണിത്. രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയായ റോസ്ഫിന്‍ മോണിറ്ററിങ് കഴിഞ്ഞ മാസം മെറ്റയെ തീവ്രവാദ സംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 

മെറ്റ തീവ്രവാദ സ്വഭാവമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്ന് ഒരു റഷ്യൻ കോടതി ഈ വർഷം ആദ്യം വിമർശിച്ചിരുന്നു. പാശ്ചാത്യ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കെതിരെയുള്ള പ്രചാരണപരിപാടികളുെട ഭാഗമായി, മെറ്റയുടെ ഉപകമ്പനികളായ ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യൻ ഭരണകൂടം മാർച്ചിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കെതിര‌ായി മെറ്റയും അതിന്റെ സിഇഒ മാർക്ക് സക്കർബർഗും നിലപാടെടുത്തെന്ന് റഷ്യ ആരോപിച്ചിരുന്നു. യുക്രെയ്നിന് അനുകൂലമായ പോസ്റ്റുകളും മറ്റും ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്നത് റഷ്യയെ പ്രകോപിപ്പിക്കുകയും ചെയ്തു. തുടർന്നാണ് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും നിരോധിക്കുകയും റഷ്യയിൽ പ്രവേശിക്കുന്നതിൽനിന്നു സക്കർബർഗിനെ ഏപ്രിലിൽ വിലക്കുകയും ചെയ്തത്. അതിനെതിരെ നൽകിയ ഹർജി, മെറ്റ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്ന ആരോപണത്തോടെ മോസ്കോ കോടതി തള്ളുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe