കോഴിക്കോട്: മെഡിക്കൽ കോളജിലെ സർജിക്കൽ ഐ.സി.യുവിൽ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തിയ കേസിൽ ആരോപണ വിധേയരായ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കുന്നതിനുമുമ്പ് അന്വേഷണ സമിതി ഇരയുടെ മൊഴിയെടുത്തില്ലെന്ന് പരാതി. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ചു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തത്.
എന്നാൽ, ഇവരെ തിരിച്ചെടുക്കാനായി റിപ്പോർട്ട് തയാറാക്കിയപ്പോൾ പൊലീസിനോട് പോലും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ല. ജീവനക്കാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിലും നിയമനടപടികൾ തുടരുന്നതിനാലും ഇവർക്കെതിരെയുള്ള സസ്പെൻഷൻ പിൻവലിക്കുന്നതായാണ് തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിൽ പറയുന്നത്.
അന്വേഷണക്കമ്മിറ്റി സാഹചര്യം വിശദമായി പരിശോധിക്കുകയും ബന്ധപ്പെട്ടവരെ നേരിൽക്കണ്ട് രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നുമാണ് സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള പ്രിൻസിപ്പലിന്റെ ഉത്തരവിൽ പറയുന്നത്. എന്നാൽ, അത്തരത്തിലൊരു സമിതി തന്നിൽനിന്ന് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. പൊലീസിന് മുന്നിൽവെച്ച് കുറ്റാരോപിതരെ പരാതിക്കാരി തിരിച്ചറിയുകയും ചെയ്തിരുന്നു.
അതേസമയം, ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചത് സി.പി.എം നേതാവിന്റെ ഇടപെടലിനെ തുടർന്നാണെന്നും ആരോപണമുയർന്നിട്ടുണ്ട്. പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി വിരമിക്കുന്ന ദിവസം കോളജിലെത്തിയ ജില്ല നേതാവ് അന്വേഷണ സംഘത്തിലെ ഒരു ഡോക്ടർക്കൊപ്പം പ്രിൻസിപ്പലിനെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചക്കുശേഷമാണ് സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയതെന്നാണ് ആരോപണം.
പീഡന പരാതിയിലെ മുഖ്യപ്രതിയെ സംരക്ഷിക്കുന്നതിനുവേണ്ടി ജീവനക്കാർ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ടവരെയാണ് പ്രിൻസിപ്പൽ തിടുക്കപ്പെട്ട് സർവിസിൽ തിരിച്ചെടുത്തത്.
സസ്പെൻഷൻ കാലാവധി സർവിസായി പരിഗണിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കേസിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ്, ജീവനക്കാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിഞ്ഞില്ലെന്ന് പ്രിൻസിപ്പലിന്റെ ഉത്തരവിൽ പറയുന്നത്.