മെക്സിക്കോയെ നേരിടാൻ സൗദി അറേബ്യക്ക് നായകനില്ല; നിർണായക മത്സരത്തിന് മുമ്പ് വീണ്ടും തിരിച്ചടി നേരിട്ട് സൗദി അറേബ്യ

news image
Nov 28, 2022, 4:35 pm GMT+0000 payyolionline.in

ദോഹ: ഖത്തർ ലോകകപ്പിൽ പ്രീ ക്വാർട്ടർ എന്ന സ്വപ്നത്തിനായി കൊതിക്കുന്ന സൗദി അറേബ്യക്ക് വീണ്ടും തിരിച്ചടി. ടീമിന്റെ നായകനും മിന്നും താരവുമായ സൽമാൻ അൽ ഫരാജ് പരിക്ക് മൂലം ഇനി ഖത്തർ ലോകകപ്പിൽ കളിക്കില്ലെന്ന് ഉറപ്പായി. ടീം ക്യാമ്പ് വിടാൻ പരിശീലകൻ ഹെർവെ നെനാർഡ് അൽ ഫരാജിന് അനുവാദം നൽകി. അർജന്റീനയ്ക്കെതിരെ ഐതിഹാസിക വിജയം നേടിയ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് അൽ ഫരാജിന് പരിക്കേറ്റത്. മുടന്തി കൊണ്ട് താരം തിരികെ കയറുന്ന ദൃശ്യം സൗദി ആരാധകരെ വേദനിപ്പിച്ചിരുന്നു.

കാലിന് പരിക്കേറ്റ താരത്തിന് ഇനി ലോകകപ്പിൽ കളിക്കാനാകില്ലെന്ന് റെനാർഡ് പറഞ്ഞു. അർജന്റീനയ്ക്കെതിരെ മിന്നും വിജയം നേടിയെത്തിയ സൗദി കഴിഞ്ഞ മത്സരത്തിൽ പോളണ്ടിനോട് തോറ്റിരുന്നു. അവസാന മത്സരത്തിൽ മെക്സിക്കോ ആണ് സൗദിയുടെ എതിരാളികൾ. നിലവിൽ അർജന്റീനയ്ക്കും സൗദിക്കും ഒരേ പോയിന്റ് ആണുള്ളത്. നാല് പോയിന്റുള്ള പോളണ്ട് ആണ് ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. അതേസമയം, അവസാന നിമിഷം വരെ പൊരുതി കളിച്ചിട്ടും പോളണ്ടിന്റെ വിജയം തടുക്കാൻ സാധിക്കാതിരുന്നതിന്റെ നിരാശയിലാണ് സൗദി അറേബ്യ.

റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പോളണ്ടിന്റെ ജയം. ലെവയ്ക്ക് പുറമെ, പിയോറ്റ് സിലിന്‍സ്‌കിയാണ് മറ്റൊരു ഗോള്‍ നേടിയത്. ആദ്യപാതിയില്‍ ഗോള്‍ വഴങ്ങിയെങ്കിലും പോളണ്ടിനെ വരച്ചവരയില്‍ നിര്‍ത്താന്‍ സൗദിക്ക് സാധിച്ചിരുന്നു. പലപ്പോഴും പോളണ്ട് ഗോള്‍മുഖം വിറപ്പിക്കാന്‍ സൗദി മുന്നേറ്റത്തിനായി. ആദ്യപകുതിയുടെ അവസാനങ്ങളില്‍ ഒരു പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതെ പോയതും സൗദിക്ക് തിരിച്ചടിയായി. അര്‍ജന്റീനയെ തോല്‍പ്പിച്ച അതേ പ്രകടനം സൗദി ആവര്‍ത്തിച്ചെങ്കിലും റോബര്‍ട്ട് ലെവന്‍ഡോസ്‌കി അവസരത്തിനൊത്ത് ഉയർന്നതോടെ കളി പോളണ്ടിന് അനുകൂലമായി മാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe