കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റത്തിൽ സിബിഐ അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്ന് ഹൈകോടതി. കൈയേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർഥതയില്ല.14 വർഷമായി നടപടികൾ മുന്നോട്ട് പോകുന്നില്ലെന്നും കോടതി വിമർശിച്ചു.
മൂന്നാറിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് ഭൂരേഖകളുടെ പരിശോധന നടക്കുന്നില്ല, പരിശോധന നടക്കരുത് എന്നാഗ്രഹിക്കുന്ന ചിലർക്ക് വേണ്ടിയാണോ ഇതെന്ന് സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭൂമികൈയേറ്റത്തിനും പരിശോധന തടയുന്നതിനും പിന്നിൽ ഉന്നതരായ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടിവരും. വീഴ്ച വിശദീകരിക്കാൻ നാളെ ഉച്ചക്ക് 1.45 നു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വീഡിയോ കോൺഫറൻസിൽ ഹാജരാകണമെന്നും മൂന്നാർ ബെഞ്ച് ആവശ്യപ്പെട്ടു.
ഇടുക്കി കലക്ടറുടെ അധ്യക്ഷതയിൽ ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്നും ഒഴിപ്പിക്കൽ നടപടികൾക്കാവശ്യമായ പൊലീസ് സംവിധാനങ്ങൾ ഉൾപ്പടെയുള്ളവ നൽകാനുള്ള നിർദേശം മൂന്നാറിന് വേണ്ടി രൂപീകരിച്ച പ്രത്യേക ബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ റവന്യൂ വകുപ്പിന്റെ ഉത്തരവുകളെ തുടർന്നെടുക്കാനുള്ള നടപടികളിൽ യാതൊരു പുരോഗതിയുമില്ലെന്നും കോടതി നിരീക്ഷിച്ചു.