മുറിച്ചുമാറ്റപ്പെട്ട ജാതിവാലിന്‍റെ ധാര്‍ഷ്ട്യം തന്നെയാണിത്; അടൂരിനെതിരെ വിദ്യാര്‍ത്ഥികളുടെ തുറന്നകത്ത്

news image
Jan 17, 2023, 5:13 am GMT+0000 payyolionline.in

തിരുവനന്തപുരം: കോട്ടയം കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി വിദ്യാര്‍ത്ഥികള്‍.

 

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആക്റ്റിംഗ് ഡിപ്പാർട്മെന്റിലെ അധ്യാപകനായ എം ജി ജ്യോതിഷിനെതിരെ അടൂർ ഗോപാലകൃഷ്‌ണൻ നടത്തിയ ആരോപണത്തിനെതിരെയാണ് വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അടക്കം തുറന്നകത്ത് എഴുതിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖത്തില്‍ അടൂര്‍ അധ്യാപകനായ എം ജി ജ്യോതിഷി ഉഴപ്പനെന്ന് വിശേഷിപ്പിച്ചിരുന്നു.

 

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ടുവര്‍ഷത്തോളമായി അധ്യാപകനാണ് ജ്യോതിഷ്. ഈ കാലയളവില്‍ അദ്ദേഹത്തിന്‍റെ അധ്യാപനത്തിനെതിരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. മലയാള സിനിമയിലെ പല നടീ നടന്മാര്‍ക്കും പരിശീലനം നല്‍കിയ വ്യക്തിയാണ് അദ്ദേഹം. ജ്യോതിഷിന്‍റെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍  വിദ്യാര്‍ത്ഥികളും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. അവിടുത്തെ പ്രൊജക്ടുകള്‍ പോലും നേരിട്ട് കാണാത്ത താങ്കള്‍ക്ക് അതിനെക്കുറിച്ച് അറിയാന്‍ സാധ്യതയില്ല- എന്ന് കത്ത് പറയുന്നു.

 

മികച്ച അധ്യാപകനെ ഉഴപ്പന്‍ എന്ന് മുദ്രകുത്തുന്നതിലൂടെ താങ്കളുടെ മനസിലും ഇന്‍സ്റ്റിറ്റ്യൂട്ടിലും ജാതി എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പുറം ലോകത്തിന് കാട്ടികൊടുത്തതില്‍ താങ്കളോട് ഒരു പാട് നന്ദി. അധ്യാപകന്‍ എത്ര മികച്ചതാണെങ്കിലും അയാള്‍ പിന്നോക്ക സമുദായത്തില്‍ പെട്ടയാള്‍ ആണെങ്കില്‍ അയാള്‍ ഉഴപ്പനും കൊള്ളരുതാത്തവനും ഒക്കെയായി മാറ്റപ്പെടുന്നത് അങ്ങയുടെ പേരില്‍ നിന്നും മുറിച്ചുമാറ്റപ്പെട്ട ജാതിവാലിന്‍റെ ധാര്‍ഷ്ട്യം തന്നെയാണ് – കത്തില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe