മുഖ്യമന്ത്രി വയനാടെത്തണം; സർവ്വകക്ഷി യോ​ഗം ബഹിഷ്കരിച്ച് കോൺഗ്രസ്, മന്ത്രിമാർക്ക് കരിങ്കൊടി

news image
Feb 20, 2024, 6:12 am GMT+0000 payyolionline.in

കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെ സർവ്വകക്ഷിയോ​ഗം ബഹിഷ്കരിച്ച് കോൺഗ്രസ്. വനംമന്ത്രി രാജിവയ്ക്കണമെനന്നും വനംമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടക്കില്ലെന്നും അറിയിച്ച് യോ​ഗം നടക്കുന്ന ഹാളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പോവുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് യോഗം നടക്കുന്ന സ്ഥലത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ യൂത്ത് കോൺ​ഗ്രസ് കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ല നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സർവ്വ കക്ഷിയോ​ഗം വിളിച്ചത്. മന്ത്രിമാരായ എംബി രാജേഷ്, കെരാജൻ, എകെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തിയത്.

 

ഒറ്റക്ക് വരാൻ പറ്റാത്തത് കൊണ്ടല്ലേ വനംമന്ത്രി മറ്റു രണ്ടു മന്ത്രിമാരെ കൂട്ടി വന്നതെന്ന് ടി സിദ്ദീഖ് എംഎൽഎ പറഞ്ഞു. സർവകക്ഷി യോഗം ബഹിഷ്കരിക്കുകയാണെന്നും സിദ്ദീഖ് അറിയിച്ചു. അതേസമയം, മന്ത്രിസംഘം വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതരെ കാണുമോ എന്നതിൽ വ്യക്തതയില്ല. കാട്ടാനക്കലിയിൽ തുടർ മരണങ്ങൾ ഉണ്ടായതോടെ, യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകൽ സമരവും ഇന്ന് നടക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാന യാക്രമണത്തിൽ മരിച്ചവരുടെ വീടുകളിൽ എത്തും. മന്ത്രിമാർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe