മയക്കു മരുന്ന് സംഘങ്ങൾ വീണ്ടും ശക്തം; മുഖ്യമന്ത്രി ഇച്ഛാ ശക്തി കാട്ടണം: മുല്ലപ്പള്ളി

news image
Dec 7, 2022, 3:32 pm GMT+0000 payyolionline.in

വടകര : അഴിയൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്നു നൽകി ലഹരി മാഫിയ വശത്താക്കുകയും കാരിയറായി ഉപയോഗിക്കുകയും ചെയ്ത സംഭവം ഒറ്റപ്പെട്ടതല്ല. മയക്കു മരുന്ന് സംസ്ഥാനമാകെ വല വിരിച്ചു കഴിഞ്ഞു വെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണിതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ പ്രസ്ഥാപിച്ചു . മയക്കുമരുന്ന് സംഘങ്ങളുടെ പൂർണ നിയന്ത്രണം ഭരണ കക്ഷിയിലെ ഒരു പ്രമുഖ യുവ ജന വിഭാഗത്തിനാണ്. അഴിയൂർ സംഭവത്തിലും ഇത് വ്യക്തമായിക്കഴിഞ്ഞു. പോലീസിനെതിരെയും രണ്ടു ഡി.വൈ. എഫ്.ഐ. പ്രവർത്തകർക്കുമെതിരെ  കുട്ടിയുടെ മാതാവ് തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിട്ടുണ്ട്.

തലശ്ശേരിയിൽ സമീപ ദിവസം നടന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലും മരണവും തുടർന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ അറസ്റ്റ് ചെയ്ത്  മയക്കു മരുന്ന് സംഘങ്ങളുടെ നിയന്ത്രണം സി.പി.എം. യുവജന വിഭാഗത്തിനാണെന്നത് തീർത്തും നാണക്കേടാണ് . പോലീസിൽ അവിഹിത ഇടപെടൽ നടത്തുകയും ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതിയെ പൊടുന്നനെ ഇറക്കി കൊണ്ടുപോവുകയും ചെയ്തത് ആരുടെ ഇടപെടൽ മൂലമാണെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. നീതിയും നിയമവും നടപ്പിലാക്കേണ്ട സർക്കാർ സംവിധാനം സ്വാധീനങ്ങൾക്ക് വഴങ്ങുമ്പോൾ നീതി നിഷേധിക്കപ്പെടുന്നത് നിസ്സഹായരായ സാധാരണക്കാർക്കാണ്.  അന്താരാഷ്ട്ര നാർക്കോട്ടിക്ക് ശൃംഖലയിലെ കേരളത്തിലെ ശക്തമായ കണ്ണിയായി പ്രവർത്തിച്ചതും തുടർന്ന്  ഒന്നര വർഷക്കാലം ബംഗലൂരു ജയിലിൽ കിടന്നതും ഭരണ നേതൃത്വത്തിലെ അത്യുന്നതനായ ഒരു നേതാവിന്റെ മകനാണെന്ന കാര്യം കേരളം മറന്നിട്ടില്ല. ഇളം തലമുറയെ , ഒരു സമൂഹത്തെ സർവ്വനാശത്തിലേക്ക് വലിച്ചു കൊണ്ടു പോകുന്ന മയക്കു മരുന്നു വ്യാപനത്തിനെതിരെ രാഷ്ട്രീയ  പരിഗണനകൾക്കപ്പുറം സമൂഹത്തിന്റെ കൂട്ടായ ജാഗ്രതയാണ് വേണ്ടത്.വെള്ളം ഒഴുകി പോയ ശേഷം ചിറ കെട്ടുന്ന മുഖ്യമന്ത്രിയോട് ഒരഭ്യർത്ഥന. ഇനിയും വൈകരുത്. ഒരു നിമിഷം കാത്തിരിക്കരുത്. എല്ലാം കൈവിട്ടു പോവുകയാണ്. ഭരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തി  മയക്കു മരുന്ന് ലോബിയെ എന്നെന്നേക്കുമായി അടിച്ചമർത്തി കേരളത്തെ രക്ഷിക്കുക. ഉദ്യോഗസ്ഥർ മാരുടെ തീരുമാനങ്ങളെ റാൻ മൂളി കേൾക്കുകയല്ല, വിവേക പൂർവ്വം യഥാസമയം തീരുമാനമെടുത്ത് അത് നടപ്പിലാക്കേണ്ട ഇച്ഛാശക്തിയാണ് ഒരു കഴിവുറ്റ ഭരണാധികാരിക്ക് വേണ്ടത്. ആറര വർഷം അത് കാണിക്കാൻ താങ്കൾക്ക് കഴിയാതെ പോയി. ഇനിയെങ്കിലും ബ്യൂറോക്രസിയുടെയും പോലീസ് മേധാവി കളുടെയും തടവുകാരനാണെന്ന ദുഷ് പേരു മാറ്റിയെടുക്കുക. മുല്ലപ്പളളി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe