ദില്ലി: മണിപ്പൂർ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മെയ്ത്തെയ് – കുക്കി വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ട്. രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകറുടെ നേതൃത്വത്തിലാണ് സർക്കാര്‍ ചർച്ച നടത്തുന്നത്. മുന്‍ വിഘടനവാദി കുക്കി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തി മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകടർ അക്ഷയ് മിശ്രയാണ് സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്.
കേന്ദ്ര പ്രതിനിധിയായ രഹസ്യാനേഷണ വിഭാഗം ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തില്‍ മെയ്ത്തെയ് വിഭാഗവുമായും ചർച്ച നടന്നു. പ്രത്യേക ഭരണ സംവിധാനം വേണമെന്ന കുക്കി സംഘടനകളുടെ ആവശ്യത്തിൽ ചർച്ചയില്ലെന്നും സമാധാനം പുനഃസ്ഥാപിക്കുക മാത്രമാണ് ലക്ഷ്യമെന്നും സർക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇടഞ്ഞു നില്‍ക്കുന്ന മെയ്ത്തെയ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ബീരേന്‍ സിങിനെയും കേന്ദ്രം ആശ്രിയിക്കുന്നുണ്ട്.
കലാപം അവസാനിപ്പിക്കാൻ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെന്ന വിർമശനം ശക്തമായി തുടരുന്നതിനിടെയാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം വീണ്ടും ശ്രമം നടത്തുന്നത്. ഇടവേളക്ക് ശേഷം വീണ്ടും തുടർച്ചയായ സംഘർഷങ്ങള്‍ ഉണ്ടാകുന്നത് സർക്കാരിന് തലവേദനയാണ്. ഇന്ന് പുലർച്ചെ ചുരാചന്ദ്പ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയിലാണ് വെടിവപ്പ് ഉണ്ടായത് . കഴിഞ്ഞ ദിവസം തെങോപാലിലെ മൊറേയില്‍ കുക്കി വിഭാഗക്കാർ മാർക്കറ്റും വീടുകളും കത്തിച്ചിരുന്നു. സുരക്ഷാ സേനയുമായും ഇവർ ഏറ്റുമുട്ടി. രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ മൂന്നിടങ്ങളിൽ അക്രമം നടന്നതില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തില്‍ രണ്ട് ബസുകളും കത്തിക്കപ്പെട്ടു.