ആലപ്പുഴ: മകന്റെ പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയ്‌ക്കെതിരെ യു പ്രതിഭ എംഎല്‍എ. മകനെയും സുഹൃത്തുക്കളെയും കഞ്ചാവുമായി പിടികൂടിയെന്നാണ് മുഖ്യധാരാ മാധ്യമങ്ങൾ നൽകിയത്. ഇക്കാര്യം വ്യാജമാണെന്നും ഇത്തരം വ്യാജവാർത്തകൾ നൽകിയ മാധ്യമങ്ങൾക്കു നേരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണ്. വാർത്തകൾ പിൻ വലിച്ച് മാപ്പു പറയണം എന്നാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതിഭ പറഞ്ഞത് . മകനും സുഹൃത്തുക്കളും വട്ടംകൂടിയിരിക്കുന്നിടത്ത് എക്‌സൈസ് കാര്യങ്ങൾ ചോദിച്ചറിയുകയാണ് ചെയ്‌തതത് എന്നാൽ അതിനുശേഷം വാര്‍ത്ത വരുന്നത് കഞ്ചാവുമായിട്ട് മകനെ പിടിച്ചുവെന്ന വാര്‍ത്തയാണ്. വാര്‍ത്ത ആധികാരികമാണെങ്കില്‍ താൻ മാപ്പ് പറയാമെന്നും പ്രതിഭ പറഞ്ഞു.
മനുഷ്യന്റെ മാംസം തിന്നാണെങ്കിലും ജീവിക്കാമെന്ന് ചിന്തിക്കുന്ന കുറച്ച് മാധ്യമങ്ങള്‍ ഉണ്ട്. എന്നോട് പൊതുവേ മാധ്യമങ്ങള്‍ക്ക് കുറച്ച് വൈരാഗ്യമുണ്ടെന്നറിയാം. സത്യസന്ധമായി പൊതുപ്രവര്‍ത്തനത്തെ കാണുന്ന ഒരു സ്തീയെന്ന നിലയില്‍ സ്വാഭാവികമായിട്ടുള്ള ശത്രുക്കള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് പകരം മാധ്യമങ്ങളായിരുന്നു ഉണ്ടായിരുന്നത്. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.