‘ഭാരത് ജോഡോ യാത്ര വഴി മുടക്കുന്നില്ല, ഡിജിപിയുടെ അനുമതി വാങ്ങിയിട്ടുണ്ട്’: വിശദീകരണവുമായി കോൺഗ്രസ്

news image
Sep 20, 2022, 12:04 pm GMT+0000 payyolionline.in

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ പേരിൽ വഴി തടയുന്നുവെന്ന ആക്ഷേപത്തിന് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി. ഡിജിപിയുടെ അനുമതി തേടിയ ശേഷമാണ് സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. രാവിലെയും വൈകീട്ടും രണ്ട് മണിക്കൂർ മാത്രമാണ് യാത്ര. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് ബദൽ  സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു. വിവിഐപികൾക്കായി മണിക്കൂറുകൾ ഗതാഗതം തടയുന്ന നാടാണിത്.

കർഷക സമരകാലത്ത് ഒന്നര വർഷം ദില്ലി-ഹരിയാന അതിർത്തി റോഡ് അടച്ചിട്ടു. ജോഡോ യാത്ര ദേശീയ പ്രക്ഷോഭമാണ്. ജനങ്ങൾ യാത്രയുമായി സഹകരിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ഹൈക്കോടതി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ഭാരത് ജോഡോ യാത്ര കാരണം റോഡുകളിൽ ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചുള്ള ഹർജി, ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വിശദീകരണവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം ഗതാഗത സ്തംഭനമുണ്ടെന്നും റോഡ് പൂ‍ര്‍ണമായി ജോഡോ യാത്രക്കാര്‍ക്കായി വിട്ടു കൊടുക്കുന്ന അവസ്ഥയാണെന്നും ആരോപിച്ചായിരുന്നു ഹര്‍ജി. ഗതാഗത തടസ്സം ഒഴിവാക്കാൻ ഭാരത് ജോഡോ യാത്ര  ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ നിര്‍ദേശിക്കണമെന്നും ഹൈക്കോടതിയിലെ ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ  അടക്കമുള്ള നേതാക്കളെ എതിർ കക്ഷിയാക്കിയാണ് ഹർജി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe