ബേപ്പൂർ: കടൽത്തീര വിനോദസഞ്ചാര കേന്ദ്രത്തിലെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിർമിച്ച പുലിമുട്ടിന്റെ പാർശ്വഭാഗങ്ങൾ കടൽക്ഷോഭത്തിൽ തകർന്നു.ശനിയാഴ്ച വൈകീട്ട് ശക്തിപ്രാപിച്ച തിരമാലകൾ കരയിലേക്ക് അടിച്ചുകയറിയതോടെ ആഴ്ചകൾക്കുമുമ്പ് നിർമിച്ച കരിങ്കൽ കെട്ടുകളും ഇതിന് മുകളിലായി ബെൽറ്റ് രൂപത്തിൽ നിർമിച്ച കോൺക്രീറ്റ് സ്ലാബുകളും തകർന്ന് കടലിലേക്ക് ഒലിച്ചുപോയി. നിർമാണരീതിയിലെ അശാസ്ത്രീയതയും ധാരണക്കുറവുമാണ് പുലിമുട്ട് തകരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
പാറക്കല്ലുകൾ അടുക്കിവെച്ച് അതിനുമുകളിൽ വലിയ നെറ്റ് വിരിച്ചാണ് കോൺക്രീറ്റ് പ്രവൃത്തികൾ ചെയ്തത്.പുലിമുട്ടിലെ കരയിൽ ആഴത്തിൽ വീതിയുള്ള കിടങ്ങ് നിർമിച്ച് വലിയ കരിങ്കല്ലുകൊണ്ട് പാർശ്വഭിത്തികൾ നിർമിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രവൃത്തികൾ ആരംഭിച്ച സമയത്തുതന്നെ തീരദേശക്കാർ നിലവിലെ പ്രവൃത്തി കടലോര മേഖലക്ക് അനുയോജ്യമല്ലെന്ന് ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും മുഖവിലക്കെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
ചുറ്റുമതിൽ കെട്ടി മണ്ണുനിറച്ച് നിരപ്പാക്കി വിനോദസഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് ദ്രുതഗതിയിൽ നടത്തിയ പ്രവൃത്തികൾ ഇതോടെ അവതാളത്തിലായി.
കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ പുരാതന തുറമുഖ നഗരമായ ബേപ്പൂരിന്റെ പദവി ഉയർത്തൽ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പുലിമുട്ട് ബീച്ച് ടൂറിസം വികസനം (ബേപ്പൂർ ആൻഡ് ബിയോണ്ട് ടൂറിസം ഡെവലപ്മെന്റ്) പദ്ധതിയുടെ ഭാഗമായാണ് നിർമാണപ്രവൃത്തികൾ നടക്കുന്നത്.
ജനുവരിയിൽ ആരംഭിച്ച് ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കേണ്ട ഒമ്പതുകോടി രൂപയുടെ പുനരുദ്ധാരണ പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്ത് നടത്തുന്നത്.