ബിബിസി ഡോക്യുമെന്‍ററി പ്രദർശനം; കൂടുതൽ സർവകലാശാലകളിൽ സംഘടിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ

news image
Jan 26, 2023, 3:18 am GMT+0000 payyolionline.in

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘടനകൾ. ദില്ലി സർവകലാശാല, അംബേദ്കർ സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്ഐ, എന്‍എസ്‍യുഐ തുടങ്ങിയ സംഘടനകൾ അറിയിച്ചു. ജാമിയ മിലിയിൽ സർവകലാശാല അധികൃതരും പൊലീസും ചേർന്ന് പ്രദർശനം തടഞ്ഞിരുന്നു. വിദ്യാർത്ഥി നേതാക്കളെ കരുതൽ തടങ്ങളിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി.

നേരത്തെ ജെഎൻയു സർവകലാശാലയിലും ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ​ദിവസം രാത്രി 9 മണിക്കാണ് ഡോക്യുമെൻ്ററി പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ എട്ടരയോടെ ക്യാംപസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെ, ലാപ്പ്ടോപ്പിലും മൊബൈൽ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെൻ്ററി കണ്ട വിദ്യാർത്ഥികൾക്ക് നേരെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു. എബിവിപി പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിദ്യാർത്ഥികൾ ആരംഭിക്കുന്നത്. കല്ലേറിന് പിന്നാലെ വിദ്യാർത്ഥികൾ പ്രകടനമായി ക്യാംപസിന് പുറത്തേക്ക് പോയി. അതേസമയം ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്

ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഇന്ന് കെപിസിസി ആസ്ഥാനത്ത് പ്രദര്‍ശിപ്പിക്കും. വൈകീട്ട് അഞ്ച് മണിക്കാണ് പ്രദര്‍ശനം. ഇന്നലെ വെള്ളായണിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പരിപാടിക്ക് നേരെ ബിജെപിയുടെ പ്രതിഷേധമുണ്ടായിരുന്നു. സംസ്ഥാന വ്യാപകമായി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എതിര്‍പ്പിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ഒരുക്കിയേക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe