ബംഗലൂരു: ദില്ലി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ കവിത അറസ്റ്റില്‍. ഇഡി- ഐടി കവിതയുടെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.
ഉച്ചയോടെ തന്നെ കവിതയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയത് അല്പം മുമ്പ് മാത്രമാണ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള കവിതയുടെ വസതിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഐടി വകുപ്പുകളും (ഇൻകം ടാക്സ്) റെയ്ഡ് നടത്തിയിരുന്നു.
ദില്ലി സര്‍ക്കാരിന്റെ കീഴിലായിരുന്ന മദ്യവില്പനയുടെ ലൈസൻസ് 2012ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നതായി ഇഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു. മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ഇടപാടില്‍ ലഭിച്ചു. ഇതില്‍ ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കവിതയും ആം ആദ്മി നേതാവ് വിജയ് നായരും ഉള്‍പ്പെട്ടു എന്നാണ് ആരോപണം.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കവിതയുടെ അറസ്റ്റ് ബിആര്‍എസിന് വലിയ രീതിയില്‍ തിരിച്ചടിയാകും. അതേസമയം ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനോടും മദ്യഅഴിമതിക്കേസില്‍ നാളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരാകാൻ നിര്‍ദേശിച്ചിട്ടുണ്ട്.