ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: കമ്മിഷൻ റിപ്പോർട്ട് ശരിയെന്നു മന്ത്രി ആർ.ബിന്ദു

news image
Feb 1, 2023, 3:09 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ശരിയാണെന്നു സർക്കാർ കരുതുന്നതായി മന്ത്രി ആർ.ബിന്ദു. അടൂർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ട അന്വേഷണം പരിഗണിക്കുമെന്നും ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ അന്വേഷിക്കുമെന്നും അവർ അറിയിച്ചു.

വിദ്യാർഥികളുടെ ഭാവിയിൽ ആശങ്ക വേണ്ട. ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ വേറെയും ഉണ്ടല്ലോ. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ സഹകരിക്കാൻ ‍‍ഡയറക്ടർ ശങ്കർ മോഹൻ തയാറായിരുന്നില്ല. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സർക്കാർ പുറത്താക്കിയതല്ല. അദ്ദേഹം രാജി വയ്ക്കുകയായിരുന്നു. അടൂർ മലയാളത്തിന്റെ അഭിമാനം തന്നെയാണ്. കരുതലോടെയുള്ള ഇടപെടൽ വേണമെന്നു മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ‌മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം 2 വിദഗ്ധരെ അന്വേഷണ കമ്മിഷനായി നിശ്ചയിച്ചു. റിപ്പോർട്ടിൻമേലുള്ള കാര്യങ്ങൾ മനസ്സിലാക്കി വരും മുൻപേയാണ് ശങ്കർ മോഹന്റെ രാജി. സർക്കാർ ആരോടും രാജി വയ്ക്കാൻ നിർദേശിച്ചിട്ടില്ല

അടൂരിന്റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മിഷനെ വച്ചത്. അദ്ദേഹം പ്രതിഷേധിച്ചാണു രാജിവച്ചതെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല. വിദ്യാർഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. അവർക്കു നൽകിയ ഉറപ്പുകൾ ആരെയും താഴ്ത്തിക്കെട്ടാനായിരുന്നില്ല. കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന് അനുയോജ്യരെയാണ് ചുമതല ഏൽപ്പിച്ചത്. വിദ്യാർഥിസമരം തുടങ്ങിയ അന്നു മുതൽ സർക്കാർ ഇടപെട്ടതു വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നു എന്നും ബിന്ദു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe