ഫാരിസ് അബൂബക്കറിൻ്റെ ഭൂമി ഇടപാടുകള്‍ ആദായ നികുതിവകുപ്പ് വിശദമായി പരിശോധിക്കുന്നു

news image
Mar 22, 2023, 8:37 am GMT+0000 payyolionline.in

കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിൻറെ ഭൂമി ഇടപാടുകള്‍ ആദായ നികുതിവകുപ്പ് വിശദമായി പരിശോധിക്കുന്നു. ഫാരിസിൻെറ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കണ്‍സൽട്ടൻറായിരുന്ന സുരേഷിൻെറ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ഭൂമി ഇടപാടിൻെറ രേഖകള്‍ ആദായനികുതിവകുപ്പ് പിടിച്ചെടുത്തു. ഡിസിസി സെക്രട്ടറി നാദിറ സുരേഷിൻറെ ഭർത്താവാണ് സുരേഷ്.

സുരേഷിൻെറ മണ്ണന്തലയിലെ വീട്ടിൽ പത്ത് മണിക്കൂറിലേറെയായിരുന്നു ആദായനികുതി വകുപ്പിൻെറ പരിശോധന. ഭൂമി ഇടാപാടിൻെറയും ബാങ്ക് ഇടപാടിൻെറയും രേഖകളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. ഫാരിസിൻെറ റിയൽ എസ്റ്റേറ്റ് കമ്പനിയായ പാരറ്റ് ഗ്രോയുടെ കണ്‍സള്‍ട്ടൻറായി 2018 മുതൽ സുരേഷ് ജോലി ചെയ്യുകയാണ്. ഫാരിസ് 10 വ‍ഷം മുമ്പ് തുടങ്ങിയ പത്രത്തിൻെറ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും ഇയാള്‍ പ്രവർത്തിച്ചിട്ടുണ്ട്. പാരറ്റ് ഗ്രോ കമ്പനി കേരളത്തിലുടനീളം ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് വിവരം.

വി.എസ്.സർക്കാരിൻെറ കാലത്ത് കൊച്ചി വളന്തക്കാടിൽ ടൗണ്‍ ഷിപ്പിന് വേണ്ടി കണ്ടൽ കാട് ഉള്‍പ്പെടുന്ന ഭൂമി ഇതേ കമ്പനി വാങ്ങിയത് വിവാദമായിരുന്നു. പദ്ധതിക്ക് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. കമ്പനിയുടെ ഭൂമിയുടെ പ്രധാന ഇടനിലക്കാരനായതുകൊണ്ടാണ് സുരേഷിൻെറ വീട്ടിൽ പരിശോധന നടന്നത്. ഡിസിസി സെക്രട്ടറിയുടെ വീട്ടിലെ പരിശോധനയിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായി. കഴിഞ്ഞ ദിവസങ്ങളിൽ ഫാരിസിൻറെ വീട്ടിലും ഫാരിസുമായി ബന്ധമുള്ള സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe