പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി: സബ്‌സിഡി മുടക്കി കേന്ദ്രം; സംരംഭകർ കടക്കെണിയിൽ

news image
Jan 15, 2024, 4:45 am GMT+0000 payyolionline.in
കോഴിക്കോട്‌ : സൂക്ഷ്‌മ–-ചെറുകിട വ്യവസായ മേഖലയിലേക്ക്‌ പ്രതീക്ഷയോടെ കടന്നുവന്ന സംസ്ഥാനത്തെ 6400 സംരംഭകരെ കടക്കെണിയിലാക്കി കേന്ദ്ര സർക്കാർ. ഒരു വർഷമായി സബ്‌സിഡി നൽകിയിട്ടില്ല. സൂക്ഷ്‌മ–-ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെ, പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയിലാണ്‌ (പിഎംഇജിപി) സബ്‌സിഡി മുടങ്ങിയത്‌. ഇതോടെ വായ്‌പാ തുക പൂർണമായും തിരിച്ചടക്കേണ്ട ഗതികേടിലാണ്‌ സംരംഭകർ. യൂണിറ്റുകളുടെ  പരിശോധനാ ചുമതല സ്വകാര്യ കുത്തകകൾക്ക്‌ കൈമാറിയതിലൂടെയാണ്‌ സബ്‌സിഡി വിതരണം നിലച്ചത്‌.

പുതിയ സംരംഭങ്ങൾക്ക്‌ നിർമാണ മേഖലയിൽ 50ലക്ഷം രൂപ വരെയും സേവന മേഖലയിൽ 20 ലക്ഷം രൂപവരെയുമാണ്‌ പിഎംഇജിപിയിൽ വായ്‌പ നൽകിയത്‌.  മൂന്ന്‌ വർഷത്തിനുശേഷം സ്വകാര്യ ഏജൻസി യൂണിറ്റുകൾ പരിശോധിച്ച്‌  റിപ്പോർട്ട്‌ നൽകിയാലാണ്‌ സബ്‌സിഡി അക്കൗണ്ടിലെത്തുക. എന്നാൽ ഒരു വർഷമായി പരിശോധന നടക്കുന്നില്ല. ഇതോടെ 2018 മുതൽ സംരംഭം തുടങ്ങിയവരിൽ ഗുണഭോക്തൃവിഹിതം അടച്ചവർക്കും സബ്‌സിഡി ലഭിക്കാതായി. സിബിൽ സ്കോറിനെ ബാധിക്കുമെന്നതിനാലും  തുടർപ്രവർത്തനങ്ങൾക്ക്‌  അക്കൗണ്ട്‌ നിർബന്ധമായതിനാലും സ്വന്തം കൈയിൽ നിന്നെടുത്ത്‌ തിരിച്ചടവ്‌ തുടരുകയാണ്‌ പലരും. വായ്‌പ കഴിയാത്തതിനാൽ ആധാരമുൾപ്പെടെ പണയം വച്ചവർ ആശങ്കയിലായി.

കോടിക്കണക്കിന്‌ രൂപയുടെ സബ്‌സിഡിയാണ്‌ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നത്‌. നഗരത്തിൽ 15 മുതൽ 25 ശതമാനം വരെയും ഗ്രാമീണ മേഖലയിൽ 15 മുതൽ 35 ശതമാനം വരെയുമാണ്‌ സബ്‌സിഡി. യൂണിറ്റുകളുടെ പരിശോധന  ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, ഖാദി ബോർഡ്‌ എന്നിവയാണ്‌ നടത്തിയിരുന്നത്‌. 2016ൽ  ഖാദി ആൻഡ്‌ വില്ലേജ്‌ ഇൻഡസ്‌ട്രീസ്‌ കമീഷൻ ഇത്‌ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചു. കരാറിലെ നിരക്ക്‌ സംബന്ധിച്ച തർക്കത്തെ തുടർന്നാണ്‌ പരിശോധന മുടങ്ങിയത്‌. സംസ്ഥാന ചീഫ്‌ സെക്രട്ടറിയും ജനപ്രതിനിധികളും കേന്ദ്രത്തിന്‌ നിരവധി കത്തുകൾ അയച്ചെങ്കിലും  പരിഹാരമുണ്ടായില്ല. സംരംഭകരെ കടക്കാരാക്കുന്ന നടപടിയാണിതെന്ന്‌ കേരള സ്‌മോൾ എന്റർപ്രണേഴ്‌സ്‌ കൗൺസിൽ ഓർഗനൈസിങ്‌ സെക്രട്ടറി സി പി അബ്ദുൾ അസീസ്‌ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe