പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാൻ കേന്ദ്രം: കായികമന്ത്രിയുമായി ചര്‍ച്ച നടത്തുന്നു

news image
Jan 20, 2023, 2:51 am GMT+0000 payyolionline.in

ദില്ലി: ലൈംഗികാരോപണത്തിൽ ബിജെപി എംപിക്കെതിരെ സമരത്തിലുള്ള ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാൻ കേന്ദ്രം നീക്കം തുടങ്ങി. കായികതാരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമെന്ന് കേന്ദ്ര കായികമന്ത്രി പറഞ്ഞു. കായികമന്ത്രി അനുരാഗ് സിംഗ് താക്കൂറിൻ്റെ ഔദ്യോഗിക വസതിയിലേക്ക് എത്തിയ കായികതാരങ്ങൾ അദ്ദേഹവുമായി ഇപ്പോൾ ചര്‍ച്ച നടത്തുകയാണ്.

കായികതാരങ്ങൾ ഗുരുതര ആരോപണം ഉന്നയിച്ച ബ്രിജ് ഭൂഷണ്‍ സിംഗ് ഞായറാഴ്ച ഫെഡറേഷൻ അധ്യക്ഷസ്ഥാനം രാജിവയ്ക്കും എന്ന റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഗുസ്തി താരങ്ങളായ ബബിത ഫോഗട്ട്, ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, വിനേശ് ഫോഗട്ട് തുടങ്ങിയ താരങ്ങളാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് താരങ്ങളുമായി കായിക മന്ത്രാലയം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ആരോപണ വിധേയനായ ബിജെപി എംപി ബ്രിജ് ഭൂഷണനെതിരെ ഫെഡറേഷൻ പിരിച്ചു വിടണം എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവച്ചത്

കഴിഞ്ഞ ദിവസം കണ്ടതിനെക്കാൾ വലിയ പിന്തുണയാണ് ജന്തർ മന്തറിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് ഇന്ന് കിട്ടിയത്. സമരം ശക്തമായി തുടരുന്നതിനിടെ കായിക മന്ത്രാലയം പ്രതിഷേധക്കാരെ ചർച്ചയ്ക്ക് വിളിച്ചു. ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേശ് ഫോഗട്ട് തുടങ്ങിയ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. എന്നാൽ ചർച്ചയിൽ തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്ന് താരങ്ങൾ അറിയിച്ചു.

ബിജെപി എംപി ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനം രാജി വെക്കണം. അതിനൊപ്പം കേസെടുത്ത് അറസ്റ്റു ചെയ്യുകയും, ഫെഡറേഷൻ പിരിച്ചുവിടുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാർ മുന്നോട്ട് വെക്കുന്ന ആവശ്യം. കേരളത്തിൽ നിന്നടക്കം സമരത്തിന് പിന്തുണ ലഭിച്ചതായും താരങ്ങൾ അറിയിച്ചു.

അടുത്ത ഞായറാഴ്ച്ച നടക്കുന്ന ഫെഡറേഷൻറെ യോഗത്തിൽ ബ്രിജ് ഭൂഷൺ രാജി അറിയിക്കുമെന്നാണ് വിവരം. താരങ്ങൾക്ക് ഐക്യദാർഡ്യം അറിയിച്ച് ബിനോയ് വിശ്വം എംപി, സിപിഎം നേതാവ് ബൃന്ദ കാരാട്ട്, തുടങ്ങി നിരവധി നേതാക്കൾ എത്തി. എന്നാൽ സമരം രാഷ്ട്രീയവത്കരിക്കാൻ താത്പര്യമില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. വേദിയിൽ ഒപ്പമിരിക്കാൻ വന്ന ബൃന്ദ കാരാട്ടിനോട് താഴെ ഇരിക്കണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe