പോർച്ചുഗലിലെ ഏറ്റവും വിലകൂടിയ ഭവനം സ്വന്തമാക്കി ക്രിസ്റ്റ്യാനോ

news image
Nov 2, 2022, 7:25 am GMT+0000 payyolionline.in

ലിസ്ബൺ: മാഞ്ചസ്റ്റർ യുനൈറ്റഡിൽ പരിശീലകനുമായി ഇനിയും തീരാതെ തുടരുന്ന അഭിപ്രായ ഭിന്നതകളും മോശം ഫോമും അവസരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർണമായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു? പോർച്ചുഗലിലെ ഏറ്റവും വില കൂടിയ വില്ല ക്രിസ്റ്റ്യാനോയും കാമുകി ജൊർജിന റോഡ്രിഗസിനയും ചേർന്ന് വാങ്ങിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് അഭ്യൂഹങ്ങൾ വീണ്ടും സജീവമാകുന്നത്. കാസ്കെയ്സിലെ ഏകദേശം 170 കോടി രൂപയുടെ വില്ലയാണ് വാങ്ങിയത്. കാസ്കെയ്സ്, എസ്റ്റോറിൽ, സിൻട്ര പ്രദേശങ്ങൾ ചേർന്ന പോർച്ചുഗീസ് റിവിയേര പൊതുവെ ആഡംബര വസതികൾക്ക് പേരുകേട്ട ഇടമാണ്. 2,720 ചതു​രശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്ത് മൂന്നു നിലകളിലായുള്ള കെട്ടിടം 544 ചതുരശ്ര മീറ്ററിലാണ്. ഗാർഡനുകൾ, വിശാലമായ നീന്തൽകുളം എന്നിവയും ഇതിനോടു ചേർന്നുണ്ട്.

യൂറോപിലെ എണ്ണമറ്റ ക്ലബുകൾക്കായി കളിച്ച താരം മാഞ്ചസ്റ്റർ യുനൈറ്റഡിൽ ആദ്യ ഇലവനിൽ ഇടം കണ്ടെത്താൻ പ്രയാസപ്പെടുന്നതാണ് നിലവിലെ സാഹചര്യം. കോച്ച് എറിക് ടെൻ ഹാഗുമായുള്ള അസ്വാരസ്യങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. പ്രിമിയർ ലീഗിൽ ടീം മികച്ച ​ഫോമിൽ തുടരുമ്പോഴും മുന്നേറ്റത്തിൽ ക്രിസ്റ്റ്യാനോ ഇല്ലാത്തത് ആ​രാധകരെയും വിഷമത്തിലാക്കുന്നുണ്ട്. സീസണിൽ ഒമ്പതു കളികളിൽ യുനൈറ്റഡിനായി ബൂട്ടുകെട്ടിയ താരം ഒരു ഗോൾ മാത്രമാണ് കണ്ടെത്തിയത്. സ്കോറിങ് പരാജയത്തെ തുടർന്ന് മാർകസ് റാഷ്ഫോഡും ആന്റണി മാർഷ്യലുമാണ് പലപ്പോഴും കോച്ചിന്റെ ഒന്നാം പരിഗണനയിലെത്തുന്നത്.

2023 ജനുവരിയോടെ മാഞ്ചസ്റ്റർ വിട്ട് പോർച്ചുഗലിലെ മുൻനിര ക്ലബുകൾക്ക് വേണ്ടി കളിക്കാൻ തയാറെടുക്കുന്നതിന്റെ ഭാഗമാണ് 37കാരന്റെ പുതിയ വീടെന്നാണ് റിപ്പോർട്ടുകൾ. സമൂഹ മാധ്യമങ്ങളിലും ഈ തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe