പെട്രോൾ വില കൂടി, ഡീസലിന് കുറഞ്ഞു; പുതിയ ഇന്ധനവില പ്രാബല്യത്തിലായി, വിലയിലെ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ

news image
Apr 1, 2024, 4:40 am GMT+0000 payyolionline.in

അബുദാബി: ഏപ്രിൽ മാസത്തേക്കുള്ള പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. ആഗോളതലത്തിലെ എണ്ണവിലയുടെ മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ചത്. ഏപ്രിൽ മാസത്തിൽ യു എ ഇയിൽ പെട്രോളിന് വില വർധിപ്പിച്ചപ്പോൾ ഡീസലിന് വില കുറച്ചു.  അർധരാത്രി മുതലാണ് പുതുക്കിയ വില പ്രാബല്യത്തിലായത്. യുഎഇയിലെ ഇന്ധന വില നിര്‍ണയ സമിതിയാണ് പുതിയ ഇന്ധന നിരക്കുകൾ പുറത്തിറക്കിയത്.

2024 ഏപ്രിലിലെ പുതിയ വില പ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.15 ദിർഹം നൽകേണ്ടിവരും. മാർച്ച് മാസത്തിൽ യു എ ഇയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമായിരുന്നു വില. സ്പെഷ്യൽ 95 പെട്രോളിനാകട്ടെ പുതിയ വില പ്രകാരം ലിറ്ററിന് 3.03 ദിർഹമാണ് നൽകേണ്ടത്. കഴിഞ്ഞ മാസം 2.92 ദിർഹമായിരുന്നു സ്പെഷ്യൽ 95 പെട്രോളിന് നൽകേണ്ടിയിരുന്നത്.

 

– പ്ലസ് കാറ്റഗറി 91 പെട്രോൾ ലിറ്ററിന്‍റെ വില 2.85 ദിർഹത്തിൽ നിന്ന് 2.96 ദിർഹമാക്കിയാണ് യു എ ഇ ഇന്ധനവില നിര്‍ണയ സമിതി ഉയർത്തിയിട്ടുള്ളത്. ഡീസലിന്‍റെ കാര്യത്തിൽ വില ലിറ്ററിന് 3.16 ദിർഹത്തിൽ നിന്ന് 3.09 ദിർഹമാക്കി യു എ ഇ ഇന്ധനവില നിര്‍ണയ സമിതി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 2024 മാർച്ചിൽ ഒരു ബാരൽ എണ്ണയുടെ വില ഗണ്യമായി കുതിച്ചുയർന്നെന്നും ആഗോള എണ്ണ വിപണിയുടെ ട്രെൻഡുകൾക്ക് അനുസൃതമായാണ് പെട്രോൾ വിലനിർണ്ണയ മാറ്റമെന്നും യു എ ഇ ഇന്ധനവില നിര്‍ണയ സമിതി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe