പുതുപ്പള്ളി വിധിയെഴുതുന്നു, പോളിംഗ് 40 % കടന്നു, ബൂത്തുകളിൽ നീണ്ട നിര; പ്രതീക്ഷയിൽ മുന്നണികൾ

news image
Sep 5, 2023, 8:18 am GMT+0000 payyolionline.in

കോട്ടയം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളിയിൽ ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് ശതമാനം നാൽപ്പത് ശതമാനം കടന്നു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ

90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴുമണിക്ക് തന്നേ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നിര കാണാമായിരുന്നു. രാവിലെ തന്നെ സ്ഥാനാത്ഥികളായ ചാണ്ടി ഉമ്മനും ജെയ്ക്ക് സി തോമസും ലിജിൻ ലാലും മണ്ഡലങ്ങളിൽ നിറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കൂടുതൽ ബൂത്തുകൾ ഉള്ള അയർകുന്നത്തും വാകത്താനത്തും മിക്കയിടത്തും നല്ല തിരക്കുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടക്കും എന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

പുതുപ്പള്ളിയിൽ ഇടതിന് തികഞ്ഞ പ്രതീക്ഷയെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകുമെന്നും ജെയ്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസന സംവാദത്തിൽ നിന്നും യുഡിഎഫ് ഒളിച്ചോടിയെന്നും ജെയ്ക് വിമർശനമുന്നയിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പ് എണ്ണിപ്പറഞ്ഞാണ് വോട്ടെടുപ്പ് ദിനത്തിലും ജെയ്ക് മാധ്യമങ്ങളോട് സംസാരിച്ചത്. പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാൻ വേണ്ടിയിട്ടുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനമെന്നാണ് വോട്ടെടുപ്പ് ദിനത്തെ ഇടത് സ്ഥാനാർത്ഥി വിശേഷിപ്പിച്ചത്.

എല്ലാം ജനങ്ങൾ തീരുമാനിക്കുന്ന ദിനമെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഇടത് സർക്കാരാണെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. വികസനമാണ് ചർച്ചയെന്ന് പറഞ്ഞവർ തന്നെ വ്യക്തി അധിക്ഷേപത്തിലേക്കെത്തിയതെന്തെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലും പുതുപ്പള്ളി പളളിയിലുമെത്തിയ ശേഷമാണ് ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ കണ്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe