പാൽ, പാലുൽപന്ന പരിശോധന; ക്ഷീരവികസന ഉദ്യോഗസ്ഥർക്ക്‌ അധികാരം നൽകണമെന്ന ആവശ്യം ഉയരുന്നു

news image
Jan 19, 2023, 4:09 am GMT+0000 payyolionline.in

കൽപറ്റ: ഗുണനിലവാരം കുറഞ്ഞ പൊതുജനാരോഗ്യത്തിന് ഹാനികരമായ വിഷവസ്തുക്കൾ അടങ്ങിയ പാൽ സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് അടിക്കടി കണ്ടുപിടിക്കപ്പെടുന്ന സാഹചര്യത്തിൽ, പാലിന്റെയും പാലുൽപന്നങ്ങളുടെയും പരിശോധന അധികാരം ക്ഷീരവികസന വകുപ്പിന് നൽകണമെന്ന ആവശ്യം ഉയരുന്നു.

2011ൽ ഭക്ഷ്യസുരക്ഷ നിയമത്തിന് ചട്ടങ്ങൾ രൂപവത്കരിക്കുന്നതുവരെ ഇവ പരിശോധിച്ചു നിയമനടപടി സ്വീകരിക്കാനുള്ള അധികാരം ക്ഷീരവികസന വകുപ്പിനായിരുന്നു. സംസ്ഥാന അതിർത്തികൾ വഴി 5.5 ലക്ഷം ലിറ്റർ പാൽ പ്രതിദിനം കേരള വിപണിയിൽ എത്തുന്നു. വിശേഷ ദിവസങ്ങളിൽ ഇത് പരമാവധി എട്ട് ലക്ഷം മുതൽ 10 ലക്ഷം ലിറ്റർ വരെയും ആകുന്നുന്നുണ്ട്.

 

2011ൽ ഭക്ഷ്യ സുരക്ഷ നിയമം നിലവിൽ വന്നത് മുതൽ പാൽ പരിശോധന അധികാരം ആരോഗ്യ വകുപ്പിന് കീഴിലെ ഭക്ഷ്യസുരക്ഷ വിഭാഗത്തിനാണ്. മായംകലർന്ന പാൽ പിടിക്കപ്പെടുന്നത് നിത്യസംഭവമായിട്ടും ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ കുറവുമൂലം ഭക്ഷ്യസുരക്ഷ വകുപ്പിന് കൃത്യമായി പരിശോധന നടത്തുന്നതിനോ തുടർനിയമനടപടികൾ സ്വീകരിക്കുന്നതിനോ സാധിക്കുന്നില്ല.

ആരോഗ്യ മന്ത്രി നിയമസഭ ചോദ്യത്തിന് നൽകിയ മറുപടി പ്രകാരം 2021ൽ 45136 സാമ്പിളുകൾ ക്ഷീരവികസന വകുപ്പ് പരിശോധിച്ചപ്പോൾ 451 സാമ്പിളുകൾ മാത്രം പരിശോധിക്കാനേ ഭക്ഷ്യസുരക്ഷ വകുപ്പിന് സാധിച്ചിട്ടുള്ളൂ. 2022ൽ ക്ഷീര വികസന വകുപ്പിന്റെ മീനാക്ഷിപുരം ചെക്പോസ്റ്റിൽ യൂറിയ കലർന്ന പാൽ പിടിക്കപ്പെട്ടെങ്കിലും നിയമനടപടി സ്വീകരിക്കുന്നതിന് അധികാരമില്ലാത്തതിനാൽ ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറുകയും 15000 ലിറ്റർ പാൽ തമിഴ്നാട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.

രാജ്യത്തിനു തന്നെ മാതൃകയായ എൻ.എ.ബി.എൽ അെക്രഡിറ്റഡ് സ്റ്റേറ്റ് ഡയറി ലാബും എല്ലാവിധ പരിശോധന നടത്തുന്നതിനും സജ്ജമായ മൂന്ന് റീജനൽ ഡയറി ലാബുകളും മൂന്ന് ചെക്ക്പോസ്റ്റ്‌ ലാബുകളും 14 ജില്ല ക്വാളിറ്റി കൺട്രോൾ യൂനിറ്റുകളും 14 മൊബൈൽ മിൽക്ക് ക്വാളിറ്റി കൺട്രോൾ ലാബുകളും ക്ഷീര ശാസ്ത്രത്തിൽ നൈപുണ്യം നേടിയിട്ടുള്ള 300 ഓളം ടെക്നിക്കൽ സ്റ്റാഫുകളും സംസ്ഥാനത്ത് ക്ഷീരവികസന വകുപ്പിന് കീഴിൽ നിലവിലുണ്ട്.

ഭക്ഷ്യസുരക്ഷ വകുപ്പിന് സംസ്ഥാനത്ത് ആകെയുള്ളത് മൂന്ന് അനലറ്റിക്കൽ ലാബും മൂന്ന് മൊബൈൽ ലാബും 175ന് അടുത്ത് സാങ്കേതിക ജീവനക്കാരുമാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യം മുൻനിർത്തി ക്ഷീരവികസന വകുപ്പിന്റെ ഭൗതിക സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി പാലിന്റെയും പാലുൽപന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe