പാലക്കാട്ട് നഗരത്തിൽ ഹോട്ടലുകളിൽ റെയ്ഡ്, നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു, നോട്ടീസ് നൽകി

news image
Jan 9, 2023, 12:30 pm GMT+0000 payyolionline.in

പാലക്കാട് : പാലക്കാട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. ഭക്ഷ്യ വിഷബാധയേറ്റുള്ള മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നാടൊട്ടുക്കും പരിശോധനകൾ തുടരുന്നതിനിടെയാണ്
പാലക്കാട് നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയത്. സുൽത്താൻ ഓഫ് ഫ്ലേവേഴ്സ്, ഹോട്ടൽ ഗ്രാൻഡ്, എടിഎസ് ഗ്രാൻഡ് കേരള, ചോയ്സ് കാറ്ററിംഗ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം  പിടിച്ചത്. ഹോട്ടലുകൾക്ക് നോട്ടീസ് നൽകി സീൽ ചെയ്തു.

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി രാജ് അൽഫാമിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നത്. പലയിടത്ത് നിന്നും പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചു. ചില ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചിലത് അടച്ച് സീൽ ചെയ്യുകയുമുണ്ടായി. പരിശോധനകളിപ്പോഴും തുടരുകയാണ്.

അതേ സമയം, കൊച്ചി ചെല്ലാനത്തു ഭക്ഷ്യ സുരക്ഷ  വകുപ്പിന്റെ പരിശോധനയിൽ സുരക്ഷിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ച രണ്ടു ഹോട്ടലുകൾ അടച്ചു പൂട്ടി. ഒരു ഹോട്ടലിന് നോട്ടീസ് നൽകി. റോസ് ബേക്കർസ്, ബേസിൽ ഫുഡ്സ് എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്. അന്ന ബേക്കർസിനാണ് നോട്ടീസ് നൽകിയത്. സ്ഥാപനങ്ങൾ  പ്രവർത്തിച്ചത് വൃത്തി ഹീനമായ  സാഹചര്യത്തിലാണെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഹോട്ടലുകളിൽ നിന്നും പഴകിയ മാംസവും പിടിച്ചെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe