പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്. ജനറൽ അസീം മുനീർ

news image
Nov 24, 2022, 9:13 am GMT+0000 payyolionline.in

ഇസ്‍ലാമാബാദ്: പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്. ജനറൽ അസീം മുനീർ. ഇൻഫർമേഷൻ മന്ത്രിയാണ് പുതിയ സൈനിക മേധാവി​ സ്ഥാനമേറ്റ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പാകിസ്ഥാനിലെ ഇന്റലിജൻസ് ഏജൻസിയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസിൽ ഇദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ആറുവർഷത്തെ സേവനത്തിനു ശേഷം ഖമർ ജാവേദ് ബജ്‍വ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ സൈനിക മേധാവി സ്ഥാനമേൽക്കുന്നത്.

 

നവംബർ 29നാണ് ഖമർ ജാവേദ് ബജ്‍വയുടെ കാലാവധി അവസാനിക്കുന്നത്. മൂന്ന് വർഷത്തേക്ക് ഇദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകിയിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ വിരമിക്കുന്നത്. ഒരു തവണ കൂടി കാലാവധി ദീർഘിപ്പിക്കാനുള്ള ആവശ്യം നിരസിക്കപ്പെട്ടു. അതേ സമയം ലഫ്റ്റനന്റ് ജനറൽ സാഹിർ ഷംഷാദ് മിർസ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ്സ് കമ്മിറ്റി ചെയർമാൻ പദവിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് പാകിസ്ഥാന്‍ സൈനിക മേധാവിയും കുടുംബവും കോടീശ്വരന്മാരായെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ അടുത്ത കുടുംബാംഗങ്ങളുടെ സ്വത്തിലും വൻ വർധനവുണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തായത്.

എന്നാല്‍, സൈനിക മേധാവിയുടെ കുടുംബത്തിന്‍റെ രഹസ്യ നികുതി രേഖകൾ “നിയമവിരുദ്ധവും” “അനാവശ്യമായ ചോർച്ചയും” ആണെന്ന് സർക്കാർ അവകാശപ്പെട്ടു. സംഭവം വിവാദമായതിന് പിന്നാലെ അടിയന്തര അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് നികുതി നിയമത്തിന്‍റെ ലംഘനവും ഔദ്യോഗിക രഹസ്യ വിവരങ്ങളുടെ ലംഘനവുമാണെന്നും പാക് ധനമന്ത്രി മുഹമ്മദ് ഇഷാഖ് ദാറിന്‍റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ റവന്യൂ ഉപദേഷ്ടാവായ ചീഫ് ഇൻവെസ്റ്റിഗേറ്റർ ഓഫീസറോട് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ദാർ നിർദ്ദേശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe