പശ്ചിമ ബംഗാളിൽ ക്ലാസ് നടക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിൽ ബോംബ് സ്ഫോടനം

news image
Sep 17, 2022, 3:35 pm GMT+0000 payyolionline.in

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സ്കൂൾ കെട്ടിടത്തിൽ ബോംബ് സ്ഫോടനം. ടിറ്റാഗഡ് ഫ്രീ ഇന്ത്യാ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച ക്ലാസ് പുരോഗമിക്കുമ്പോഴാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന്റെ ആദ്യ രണ്ട് നിലകളിലെ മുറികളിലാണ് വിദ്യാർഥികളും അധ്യാപകരും ഉണ്ടായിരുന്നത്. മൂന്നാം നിലയുടെ മേൽക്കൂരയിലാണ് സ്ഫോടനം നടന്നത്. അതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് പരിഭ്രാന്തരായ വിദ്യാർഥികൾ കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങി. സ്ഫോടനത്തിന് ശേഷം അധ്യാപകർ മേൽക്കൂരയ്ക്ക് സമീപം പരിശോധനക്ക് പോയതായി സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം പറഞ്ഞു. നാടൻ ബോംബാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ബരാക്‌പൂർ പൊലീസ് കമീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു. ബോംബ് എറിഞ്ഞത് സമീപത്തെ കെട്ടിടത്തിൽ നിന്നാണോ അതോ സ്കൂൾ കെട്ടിടത്തിൽ സൂക്ഷിച്ച ബോംബ് പെട്ടെന്ന് പൊട്ടിത്തെറിച്ചതാണോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സ്‌ഫോടനത്തിന് ഉത്തരവാദികൾ ആരായാലും അവരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് ബരാക്‌പൂർ എം.പി അർജുൻ സിങ് സംഭവസ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു. ഏതെങ്കിലും കുട്ടി സംഭവസ്ഥലത്തിന് സമീപം ഉണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാൻ കഴിയുന്നില്ല. കുറ്റവാളികളെ കണ്ടെത്താൻ പൊലീസ് കമീഷണറോടും ബാരക്പൂർ പൊലീസ്കമീഷണറേറ്റിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്’- സിങ് പറഞ്ഞു.

ബി.ജെ.പിയുടെ ഹൂഗ്ലി എം.പി ലോക്കറ്റ് ചാറ്റർജി സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. ‘മമതാ ബാനർജിയുടെ ഭരണത്തിൽ സ്കൂൾ കുട്ടികൾ പോലും സുരക്ഷിതരല്ല. പശ്ചിമ ബംഗാളിലെ വീടുകളിലും പാർട്ടി ഓഫിസുകളിലും ബോംബുകൾ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ സംഭവം ക്രമസമാധാനനില മോശമായതിലേക്കാണ് വിരൽചൂണ്ടുന്നത്. ഞങ്ങൾക്ക് സംസ്ഥാന പൊലീസിൽ വിശ്വാസമില്ല. സി.ഐ.ഡി, സി.ബി.ഐ അന്വേഷണത്തിലൂടെ സംഭവത്തിന്റെ ചുരുളഴിക്കണം’- ചാറ്റർജി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe