പഠനത്തോടൊപ്പം പണിയെടുക്കുക, സമ്പാദിക്കുക: പദ്ധതിയുമായി ഗതാഗത വകുപ്പ്

news image
Jan 7, 2023, 3:12 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ വിദ്യാർഥികളെ റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിച്ചു മണിക്കൂർ അടിസ്ഥാനത്തിൽ പ്രതിഫലം നൽകി റോഡ് സുരക്ഷാ ഡ്യൂട്ടിക്ക് ഉപയോഗിക്കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. പഠനത്തോടൊപ്പം പണിയെടുക്കുക, സമ്പാദിക്കുക എന്ന മുഖ്യമന്ത്രിയുടെ ആശയത്തിന്റെ ആവിഷ്കാരമാണിത്. ഇതുവഴി പ്രായപൂർത്തിയായ വിദ്യാർഥികൾക്കു പഠനത്തിനാവശ്യമായ പണം സ്വന്തമായി കണ്ടെത്താനാകും.

 

വിദ്യാർഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഹയർ സെക്കൻഡറിയിൽ പാഠ്യപദ്ധതിയായി റോഡ് സുരക്ഷ ഉൾപ്പെടുത്തണമെന്നും ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത് നൽകിയ ശുപാർശയിൽ നിർദേശിച്ചു. ഗതാഗത വകുപ്പു തത്വത്തിൽ ഇത് അംഗീകരിച്ചു. നയപരമായ തീരുമാനത്തിനായി മുഖ്യമന്ത്രിക്കു ഫയൽ ഉടൻ കൈമാറും. അനുകൂല തീരുമാനം ഉണ്ടായാൽ അടുത്ത അക്കാദമിക് വർഷം മുതൽ റോഡ് സുരക്ഷ ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ ഉൾപ്പെടും.

ഹയർ സെക്കൻഡറി പരീക്ഷയിൽ റോഡ് സുരക്ഷാ വിഷയത്തിൽ വിജയിക്കുന്നവർക്ക് പ്രായപൂർത്തി ആകുമ്പോൾ ഡ്രൈവിങ് ലൈസൻസ് നേടാൻ പ്രത്യേക പരീക്ഷ എഴുതാതെ തന്നെ ലേണേഴ്സ് ലൈസൻസ് നൽകും. മോട്ടർ വാഹനങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അപകടരഹിതമായി വാഹനം ഓടിക്കുന്നതിനെക്കുറിച്ചുമെല്ലാം വിശദമായി പ്രതിപാദിക്കുന്ന 200 പേജ് വരുന്ന പുസ്തകം ഇംഗ്ലിഷിലും മലയാളത്തിലും തയാറാക്കിയിട്ടുണ്ട്. ആദ്യ വർഷവും രണ്ടാംവർഷവും 4 പാഠം വീതം പഠിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe