കോഴിക്കോട്: സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ എം.ഡി.എം.എ എത്തിച്ച് വിൽപന നടത്തുന്ന രണ്ട് പേരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ എസ്.ഐ നിമിൻ കെ ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും ചേർന്ന് പിടികൂടി.
കോഴിക്കോട് കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ അനീഷ് പി. (44) തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തിൽ സനൽ കുമാർ പി.(45) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നു കൊണ്ടു വന്ന 31.70 ഗ്രാം എം.ഡി.എം.എയുമായാണ് ചെറുവറ്റ കടവ് ഭാഗത്തെ മാറാടത്ത് ബസ് സ്റ്റോപ്പിന് സമീപം വെച്ച് ഇവരെ പിടികൂടിയത്.
മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന ഓപറേഷൻ ഡി ഹണ്ട്-സ്പെഷൽ ഡ്രൈവിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രൻ ഐ.പി. എസിന്റെ നിർദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്.
പിടിയിലായ രണ്ടുപേരും കോഴിക്കോട് ബംഗളൂർ ടൂറിസ്റ്റ് ബസ്സിലെ നൈറ്റ് സർവീസ് ഡ്രൈവർമാരാണ്. ബംഗളൂരുവിൽ നിന്നു കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളാണിവർ. നിരവധി തവണ ഇവർ ലഹരി മരുന്ന് എത്തിച്ചുണ്ടെന്ന് അന്വേഷണത്തിൽ മനസിലായി. ബംഗളൂരുവിൽ നിന്ന് ആരാണ് ഇവർക്ക് ലഹരി മരുന്ന് കൈമാറുന്നതെന്നും ഇവിടെ ആർക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്നും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസ് പറഞ്ഞു. അനീഷിന് കണ്ണൂർ ജില്ലയിലെ ഇരിട്ടി പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് കേസ് ഉണ്ട്.