നീലച്ചിത്ര നിർമാണവും കള്ളപ്പണം വെളുപ്പിക്കലും; ശിൽപ ഷെട്ടിയുടെ പേര് വലിച്ചിഴക്കുന്നതിനെതിരെ രാജ് കുന്ദ്ര

news image
Nov 30, 2024, 9:32 am GMT+0000 payyolionline.in

മുംബൈ: നീലച്ചിത്ര നിർമാണവും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ശിൽപ ഷെട്ടിയുടെ പേര് മാധ്യമങ്ങൾ വലിച്ചിഴക്കുന്നതിനെതിരെ ഭർത്താവ് രാജ് കുന്ദ്ര. നീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസിലും വെള്ളിയാഴ്ച ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു തിരച്ചിൽ. ഇ.ഡി അന്വേഷണത്തോട് സഹകരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ് കുന്ദ്രയുടെ വീടും ഓഫിസും ഉൾപ്പെടെ മുംബൈയിലെ 15 സ്ഥലങ്ങളിലും ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലും കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഇതുവരെ റെയ്ഡ് നടത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പുണെ ജില്ലയിലെ പാവ്‌ന അണക്കെട്ടിന് സമീപമുള്ള വസതിയും ഫാം ഹൗസും ഒഴിയാൻ 2024 സെപ്റ്റംബറിൽ ദമ്പതികൾക്ക് കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ചിരുന്നു.

‘നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ഞാൻ പൂർണമായും സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും’, ശനിയാഴ്ച തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ രാജ് കുന്ദ്ര എഴുതി. ‘തന്റെ ഭാര്യക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് അവരുടെ പേര് ആവർത്തിച്ച് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ല. ദയവായി അതിരുകൾ മാനിക്കൂ’യെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യർഥിച്ചു.

നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ശിൽപയെ ബന്ധിപ്പിക്കുന്ന വാർത്തകളോട് അവരുടെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ ക​ഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

‘ശിൽപ ഷെട്ടിക്ക് കേസുമായി ഒരു ബന്ധവുമില്ലാത്തതിനാൽ അവരുടെ വിഡിയോകളും ചിത്രങ്ങളും പേരും ഉപയോഗിക്കാതിരിക്കാൻ ഇലക്ട്രോണിക്, പ്രിന്റ് മീഡിയകളോട് ഞാൻ അഭ്യർഥിക്കുന്നു. അവരുടെ ചിത്രങ്ങളോ വീഡിയോകളോ ഉള്ള നിരുത്തരവാദപരമായ പത്രപ്രവർത്തനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കു’മെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് 2021 ജൂലൈയിൽ മുംബൈ ക്രൈംബ്രാഞ്ച് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe