നിയമ ലംഘനം; യുഎഇയിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിന് 10.5 ലക്ഷം ദിര്‍ഹം പിഴ ചുമത്തി

news image
Dec 9, 2022, 1:59 pm GMT+0000 payyolionline.in

അബുദാബി: യുഎഇയിലെ ഒരു മണി എക്സ്ചേഞ്ച് സ്ഥാപനത്തിന് കൂടി വന്‍തുക പിഴ. യുഎഇ കേന്ദ്ര ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. ചില നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്ന് സെന്‍ട്രല്‍ ബാങ്ക് വിശദമാക്കിയിട്ടുണ്ടെങ്കിലും ഏത് സ്ഥാപനമാണ് നടപടി നേരിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

10.5 ലക്ഷം ദിര്‍ഹം പിഴയടയ്‍ക്കാനാണ് നിയമലംഘനം നടത്തിയ മണി എക്സ്ചേഞ്ച് സ്ഥാപനത്തോട് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ലൈസന്‍സ് നല്‍കിയിട്ടുള്ള സ്ഥാപനത്തിന് പുറത്തുവെച്ച് മണി എക്സ്ചേഞ്ച് സേവനങ്ങള്‍ നല്‍കിയതാണ് നടപടിക്ക് വഴിവെച്ച പ്രധാന നിയമലംഘനം. ഇതിന് പുറമെ പണം കൊണ്ടുപോകുന്നത് അംഗീകൃത ക്യാഷ് ട്രാന്‍സിറ്റ് എജന്‍സികളുടെ സേവനമായിരിക്കണം ഉപയോഗിക്കേണ്ടതെന്ന വ്യവസ്ഥയും ഈ കമ്പനി ലംഘിച്ചു. ഒപ്പം നിയമലംഘനങ്ങള്‍ എത്രയും വേഗം സെന്‍ട്രല്‍ ബാങ്കിനെ അറിയിക്കുന്നതിലും വീഴ്ച വരുത്തിയെന്ന് കണ്ടെത്തി.

നിയമലംഘനങ്ങള്‍ നടത്തിയതിന്റെ പേരില്‍ യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ നടപടി നേരിടുന്ന രണ്ടാമത്തെ മണി എക്സ്ചേഞ്ച് സ്ഥാപനമാണിത്. മറ്റൊരു സ്ഥാപനത്തിന് 19.25 ലക്ഷം ദിര്‍ഹം പിഴ ചുമത്തിയതായി ബുധനാഴ്ചയും അധികൃതര്‍ അറിയിച്ചിരുന്നു. ചില പ്രത്യേക ബിസിനസ് രീതികളിലേക്ക് കടക്കുന്നതിന് മുമ്പ് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയിയായിരുന്നു നടപടി. എന്നാല്‍ ഈ സ്ഥാപനത്തിന്റെയും പേരോ മറ്റ് വിശദാംശങ്ങളോ അധികൃതര്‍ പുറത്തുവിട്ടില്ല.

രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത ഉറപ്പുവരുത്താന്‍ കൊണ്ടുവന്നിരിക്കുന്ന ചട്ടങ്ങള്‍ പാലിക്കാനും എല്ലാ എക്സ്ചേഞ്ച് സ്ഥാപനങ്ങളും അവയുടെ ഉടമകളും ജീവനക്കാരും തയ്യാറാകണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe