നായ്ക്കളിൽനിന്ന് കുട്ടികളെ രക്ഷിക്കാൻ തോക്കെടുത്ത് പിതാവ്

news image
Sep 16, 2022, 10:03 am GMT+0000 payyolionline.in

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായപ്പോൾ മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയയ്ക്കാനായി തോക്കെടുത്ത് പിതാവ്. കാസർകോട് പള്ളിക്കര പഞ്ചായത്തിലെ ബേക്കൽ ഹദ്ദാഡ് നഗർ സ്വദേശി സമീറാണ് കുട്ടികളുടെ സുരക്ഷയ്ക്കായി എയർ ഗണ്ണുമായി കുട്ടികൾക്കു കൂട്ടുപോയത്. സമീർ തോക്കുമായി കുട്ടികളെ മദ്രസയിൽ അയയ്ക്കാനായി പോകുന്ന വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

 

മറ്റൊരു മാർഗവുമില്ലാത്തതിനാലാണ് ഈ വഴി തിരഞ്ഞെടുത്തതെന്നും പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും സമീർ  പറഞ്ഞു. ലൈസൻസ് വേണ്ടാത്ത തോക്കാണ് പക്കലുള്ളതെന്നു സമീർ പറഞ്ഞു.

നായ ശല്യം രൂക്ഷമായതോടെ സ്കൂളിലും മദ്രസയിലും പോകാന്‍ കുട്ടികൾ പേടിച്ചതോടെയാണു തോക്കെടുക്കാൻ തീരുമാനിച്ചതെന്ന് സമീർ പറയുന്നു. അടുത്ത വീടുകളിലെ കുട്ടികൾ സമീറിന്റെ വീട്ടിലെത്തിയശേഷം 9 വയസുകാരിയായ മകളോടൊപ്പമാണു മദ്രസയിലും സ്കൂളിലും പോകുന്നത്. പതിനഞ്ചോളം കുട്ടികൾ ഒരുമിച്ചാണു യാത്ര. പല കുട്ടികളുടെയും പിതാക്കൻമാർ വിദേശത്താണ്. കഴിഞ്ഞ ദിവസം ഒരു കുട്ടിയെ നായ കടിച്ചതോടെ പഠിക്കാൻ പോകാൻ പേടിയാണെന്നു സമീറിന്റെ മകൾ വീട്ടിൽ പറഞ്ഞു. ഇതോടെയാണ് തോക്കെടുത്ത് സുരക്ഷയൊരുക്കാൻ സമീർ തീരുമാനിച്ചത്.

 

‘നിങ്ങൾ പഠിക്കാൻ പൊയ്ക്കോളൂ, തോക്കുമായി ഞാൻ മുന്നിൽ നടക്കാമെന്നു’ പറഞ്ഞതോടെ കുട്ടികൾക്കു ധൈര്യം ലഭിച്ചെന്നു സമീർ പറയുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധ ജില്ലകളിലുള്ളവരും പ്രവാസി മലയാളികളും സമീറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഏറെ നാളായി എയർഗൺ കൈവശമുണ്ടെന്നു സമീർ പറയുന്നു. കൈവശമുള്ള എയർഗൺ ഉപയോഗിച്ചാൽ നായ ചാകില്ലെന്നും പരുക്കേൽക്കാനുള്ള ശക്തിയേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെയാണ് നായ ശല്യം രൂക്ഷമായതെന്നാണ് സമീർ പറയുന്നത്. കുട്ടികൾക്കും നാട്ടുകാർക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പുറത്തുനിന്നും നായ്ക്കൾ പ്രദേശത്തേക്ക് എത്തുന്നുണ്ട്. പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന് സമീർ പറഞ്ഞു. അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ ഇനി തോക്ക് എടുക്കേണ്ടിവരില്ലെന്ന വിശ്വാസത്തിലാണ് നാട്ടിൽ ബിസിനസ് നടത്തുന്ന സമീർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe