നടക്കാം കടൽ തിരകൾക്കൊപ്പം; ബേപ്പൂർ മറീന ബീച്ചിൽ വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്‌ജ് ആരംഭിക്കുന്നു

news image
Sep 25, 2022, 11:21 am GMT+0000 payyolionline.in
ബേപ്പൂർ : കടൽ തിരമാലകൾക്ക് മുകളിലൂടെ സഞ്ചരിക്കുന്ന പാലം (ഫ്ലോട്ടിങ് ബ്രിഡ്‌ജ്) ബേപ്പൂർ മറീന ബീച്ചിൽ വീണ്ടും ആരംഭിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട്‌ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായി മാറിയ ഫ്ലോട്ടിങ് ഞായറാഴ്‌ച രാവിലെ മുതൽ പ്രവർത്തിച്ചു തുടങ്ങും. എല്ലാ ദിവസവും രാവിലെ 10 മുതൽ 6.30 വരെയാണ് പ്രവർത്തന സമയം. മുതിർന്നവർക്ക് 100 രൂപയും അഞ്ചിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് പകുതിയുമാണ് പ്രവേശന ഫീസ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക്‌ പ്രവേശനമില്ല. ലഹരി ഉപയോഗിച്ചവർ, പ്രായാധിക്യമുള്ളവർ എന്നിവർക്കും പ്രവേശനം നൽകില്ല.
കഴിഞ്ഞവർഷം കേരളത്തിലാദ്യമായി ബേപ്പൂരിൽ തുടങ്ങിയ ഈ സാഹസിക വിനോദ സംവിധാനം വൻ വിജയമായിരുന്നു. പദ്ധതിക്ക്‌ വിനോദ സഞ്ചാര വകുപ്പിനൊപ്പം ഡിടിപിസിയുടെയും ബേപ്പൂർ തുറമുഖ അധികൃതരുടെയും സഹകരണവുമുണ്ട്. തീരത്തുനിന്നും 100 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലും കൈവരിയോട് കൂടിയാണ്‌ മനോഹരവും അപകടരഹിതവുമായ പാത സജ്ജമാക്കിയത്. അറ്റത്ത്‌ 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള സൈറ്റ് സീയിങ് പ്ലാറ്റ്ഫോമുമുണ്ട്. ഇവിടെ കടലിന്റെ വിസ്മയ കാഴ്ചകൾ കണ്ടു സെൽഫിയെടുക്കാം.
എല്ലാവർക്കും ലൈഫ് ജാക്കറ്റുകൾ, മുങ്ങൽ വിദഗ്‌ധർ, റെസ്ക്യൂ ബോട്ട്, ലൈഫ് ബോയ്‌, അംഗീകൃത ലൈഫ് ഗാർഡ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. തൃശൂർ ചാലക്കുടി സ്വദേശികളായ നാല് യുവ സംരംഭകർ ചേർന്നുള്ള “ക്യാപ്ച്ചർ ഡേയ്‌സ്’ കമ്പനിയാണ് നടത്തിപ്പുകാർ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe