കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യയെ തള്ളി കെകെ ശൈലജ ടീച്ചർ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണമെന്നും അവർ പറഞ്ഞു. അതേസമയം,
ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയില്ല. അങ്ങനെ തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടും. അതെല്ലാ കാലവും മറച്ച് വയ്ക്കാൻ പറ്റില്ലെന്നായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും അവർ പ്രതികരിച്ചു
അഖിലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്റെ മുന്നിലില്ല. ആർഷോ നൽകിയ പരാതിയിലാണ് കേസെടുത്തത് എന്നാണ് അറിവ്. അത്തരം ആരോപണങ്ങൾ ശരിയാണോ അല്ലയോ എന്ന് അന്വേഷണത്തിൽ തെളിയും. പങ്കാളിയല്ലെങ്കിൽ അതും, ആണെങ്കിൽ അതും തെളിയിക്കപ്പെടും. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ തനിക്ക് അഭിപ്രായം പറയാനാകില്ല എന്നായിരുന്നു ശൈലജയുടെ വാക്കുകൾ.
അതേസമയം, എസ്എഫ്ഐ മുൻ നേതാവ് വിദ്യ പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയെടുക്കും. അഗളി സിഐ കോളേജിൽ നേരിട്ട് എത്തിയാകും മൊഴിയെടുക്കുക. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും അഗളി പോലീസ് വിവരങ്ങൾ ശേഖരിക്കും. മഹാരാജാസ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.
അഗളി ഡിവൈഎസ്പി ഇതിനായി ഇന്ന് എറണാകുളത്തെ എത്തും. വിദ്യയുടെ കാലടി സർവകലാശാലയിലെ പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുയർന്ന ആരോപണം പരിശോധിക്കുന്ന സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് ഓൺലൈനായി യോഗം ചേർന്ന് പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ചേക്കും. എന്നാൽ ഒളിവിലുള്ള വിദ്യയെ പിടികൂടാൻ ഇതുവരെ പൊലീസിനായിട്ടില്ല. വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം തന്നെ, ആർഷോയുടെ പരാതിയിൽ അഖില നന്ദകുമാറിൽ നിന്നുൾപ്പെടെ പൊലീസ് മൊഴിയെടുക്കും