തുറയൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോളിങ് 81 ശതമാനം; വോട്ടെണ്ണല്‍ നാളെ കാലത്ത് പത്തിന്

news image
Nov 9, 2022, 3:35 pm GMT+0000 payyolionline.in

 

തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 80.92 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 1048 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 848 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 128 പുരുഷന്മാരും 520 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്.

മുസ്ലിം ലീഗിലെ യു.സി ഷംസുദ്ധീന്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫിൽ മുസ്ലിം ലീഗിലെ സി.എ നൗഷാദ് മാസ്റ്റർ മത്സരിക്കുമ്പോൾ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അഡ്വ. കോടികണ്ടി അബ്ദുറഹിമാനാണ്. ബി.ജെ.പിയിലെ ലിബീഷാണ് എൻഡിഎ സ്ഥാനാർത്ഥി.

കഴിഞ്ഞ തവണ യുസി ഷംസുദീനെതിരെ മത്സരിച്ച അഡ്വ. കോടികണ്ടി അബ്ദുറഹിമാനാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്നത് ഏറെ ശ്രദ്ധേയമാണ്. പൊതുവേ യുഡിഎഫിന് ഏറെ മുന്‍തൂക്കമുള്ള വാര്‍ഡില്‍ വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാര്‍ത്ഥി  സി.എ നൗഷാദ് മാസ്റ്റർ അവകാശപ്പെടുന്നു.

മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കൂടിയായ ഇദ്ദേഹം ബിടിഎം സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനാണ്. വ്യാഴാഴ്ച കാലത്ത് പത്ത് മണിക്ക് തുറയൂര്‍ ജെംസ് സ്കൂളിലാണ് വോട്ടെണ്ണല്‍, ഒരു ബൂത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ കുറഞ്ഞ സമയം കൊണ്ട് ഫലം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.  തൊട്ടില്‍പ്പാലം കൃഷി ഓഫീസര്‍ ഹെന്‍റ്റി നിക്കോളാസാണ് വരണാധികാരി. തുറയൂര്‍ എഎല്‍പി സ്കൂളില്‍ നടന്ന തിരഞ്ഞെടുപ്പിന് പയ്യോളി സിഐ കെ.സി സുഭാഷ് ബാബു, പ്രിന്‍സിപ്പല്‍ എസ്ഐ എസ്എസ് ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് ഉണ്ടായിരുന്നു.

 

സി എ നൌഷാദ് മാസ്റ്റര്‍

അഡ്വ. കോടികണ്ടി അബ്ദുറഹിമാന്‍

ലിബീഷ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe