തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ്റെ തുടയെല്ല് പൊട്ടി

news image
Oct 7, 2022, 8:11 am GMT+0000 payyolionline.in

തിരുവനന്തപുരം: വടക്കാഞ്ചേരി ബസ് അപകടം ചർച്ചയാകുന്നതിനിടെ തലസ്ഥാനത്ത് വീണ്ടും ടൂറിസ്റ്റ് ബസ്സ് അപകടം. സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് എത്തിയ ബസ്സാണ് ഗൗരീശപട്ടത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ആര്‍ക്കും പരിക്കില്ല.

 

 

തൃശ്ശൂരിലെ കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി എത്തിയ ബസ്സാണ് അപകടത്തിൽപെട്ടത്. ഗൗരീശപട്ടത്ത് വച്ച് ബസ്സ് വലത് വശം ചേർന്ന് വളയ്ക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം. എതിർ ദിശയിൽ വളവ് തിരിഞ്ഞ് വന്ന സ്കൂട്ടറിനെ ബസ്സ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

അപകടത്തിൽ തുടയെല്ല് തകർന്ന സ്വകാര്യ മെഡിക്കൽ ലാബിലെ സാംപിൾ കളക്ഷന് ജീവനക്കാരൻ പ്രവീണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം വലിയ ബസ്സ് ആയതിനാൽ വലത് വശം ചേർക്കാതെ വാഹനം തിരിക്കാനാവില്ലെന്നാണ് അപകടത്തിനിടയാക്കിയ ബസിൻ്റെ ഡ്രൈവർ പറയുന്നത്.

ബസ്സിന് വേഗത കുറവായതിനാൽ ഒഴിവായത് വലിയ ദുരന്തമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം സുരക്ഷിതരാണ്. കുട്ടികളെ മറ്റൊരു ബസ്സിലേക്ക് മാറ്റി സംഘം യാത്ര തുടര്‍ന്നു. കുന്നംകുളത്തു നിന്നുള്ള ബസ്സ് തൃശ്ശൂരിലെത്തി വിദ്യാർത്ഥികളുമായി യാത്ര പുറപ്പെട്ടത് ഇന്നലെ വൈകീട്ടാണ്. വിദ്യാർത്ഥികളുമായി രാത്രികാലങ്ങളിൽ വിനോദയാത്രപാടില്ലെന്ന നിർദ്ദേശം കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ വീണ്ടും നൽകിയ നിർദ്ദേശം തെറ്റിച്ചായിരുന്നു യാത്ര.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe