സ്വയം പ്രകാശിക്കുന്ന അപൂർവ മേഘങ്ങൾ; സാൻഫ്രാൻസിസ്കോയിലെ ആകാശത്ത് തെളിഞ്ഞത് വിസ്മയക്കാഴ്ച

news image
Dec 20, 2022, 2:36 pm GMT+0000 payyolionline.in

തിരമാലകളുടെ ആകൃതിയിൽ അതിമനോഹരമായി മേഘങ്ങൾ കാണപ്പെട്ടതിനെക്കുറിച്ച് അമേരിക്കയിലെ വ്യോമിങ്ങിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ദിവസങ്ങൾ മാത്രമേ പിന്നിട്ടിട്ടുള്ളൂ. ഇപ്പോഴിതാ സാൻ ഫ്രാൻസിസ്കോയിൽ  നിന്ന് അതിലും അപൂർവമായ ഒരു മേഘക്കാഴ്ചയെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. രണ്ടു ദിവസങ്ങൾക്കു മുൻപ് സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ ആകാശത്ത് തെളിഞ്ഞത് സ്വയം പ്രകാശിക്കുന്ന അപൂർവ മേഘമാണ്. ഈ അദ്ഭുത കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

നൊക്റ്റിലൂസെന്റ് ക്ലൗഡ് ( ഇരുളിൽ പ്രകാശിക്കുന്ന മേഘം) എന്നാണ് ഇവ അറിയപ്പെടുന്നത്. അപൂർവമായി മാത്രം കാണാൻ കഴിയുന്ന മേഘമാണിത്. പ്രാദേശിക ഫൊട്ടോഗ്രാഫറായ റെയിൻ ഹയെസാണ് മേഘത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഓക്‌ലൻഡിലെ മെറിറ്റ് തടാകത്തിന് മുകളിലായി പുലർച്ചെ സമയത്താണ് മേഘം കാണപ്പെട്ടത്. അപൂർ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ പകർത്തിയതിനൊപ്പം തന്നെ ഇക്കാര്യം റെയ്ൻ നാഷണൽ വെതർ സർവീസസിന്റെ പ്രാദേശിക കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു.

കലിഫോർണിയ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡാനിയേൽ സ്വെയ്നാണ് ഇത് നൊക്റ്റിലൂസെന്റ് മേഘമാണെന്ന് സ്ഥിരീകരിച്ചത്. തടാകത്തിനു മുകളിയായി ഇരുട്ട് മാറാത്ത ആകാശത്ത് ഇളം നീല നിറത്തിൽ പ്രകാശിക്കുന്ന  മേഘം മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലുമാണ് സാധാരണയായി നൊക്റ്റിലൂസെന്റ്  മേഘങ്ങൾ കാണാനാവുന്നത്. ഇതിനു പുറമേ ശൈത്യകാലത്താണ് മേഘം ദൃശ്യമായത് എന്നതാണ് മറ്റൊരു അദ്ഭുതം.

പൊതുവേ വേനൽക്കാലത്തിന്റെ ആരംഭത്തിലാണ് ഇത്തരം മേഘങ്ങൾ രൂപീകൃതമാകുന്നത്. അന്തരീക്ഷത്തിൽ ചൂട് അധികമാകുന്നതോടെ രൂപപ്പെടുന്ന നീരാവി മേഘങ്ങൾക്കുള്ളിൽ കുടുങ്ങുകയും തണുത്തുറഞ്ഞ് ഐസ് ക്രിസ്റ്റലുകളായി തീരുകയും ചെയ്യുന്നതിനാലാണ് അവ തിളക്കമുള്ളതായി കാണപ്പെടുന്നത്.  ബഹിരാകാശത്തും ഈ മേഘങ്ങൾ ദൃശ്യമാവാറുണ്ട്. ബഹിരാകാശ സഞ്ചാരികളും രാജ്യാന്തര ബഹിരാകാശ നിലയങ്ങളുമൊക്കെ ഇതിന്റെ ചിത്രങ്ങൾ പങ്കുവക്കാറുണ്ട്.

കാഴ്ചയിൽ മനോഹരമാണെങ്കിലും കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന്റെ പരിണിതഫലമാണ് അപ്രതീക്ഷിതമായ സ്ഥലത്ത് മേഘം രൂപീകൃതമാകാനുള്ള കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങൾ അധികമായതോടെ നീരാവിയുടെ അളവും അധികമായിട്ടുണ്ട്. ഇത് നൊക്റ്റിലൂസെന്റ് മേഘം രൂപംകൊള്ളുന്നതിലേക്ക് നയിക്കുന്നു. റോക്കറ്റ് വിക്ഷേപണമാണ് മറ്റൊരു കാരണമായി എടുത്തു കാട്ടുന്നത്. റോക്കറ്റ് വിക്ഷേപണം മൂലവും അന്തരീക്ഷത്തിൽ നീരാവിയുടെ അളവ് കൂടാൻ സാധ്യതയുണ്ടെന്നതിനാലാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe