താരീഖ് അൻവർ കോഴിക്കോടെത്തി, എംകെ രാഘവനുമായി ചർച്ച നടത്തിയേക്കും

news image
Nov 26, 2022, 5:25 am GMT+0000 payyolionline.in

കോഴിക്കോട്: ശശി തരൂരിന്റെ മലബാർ പര്യടനത്തെ ചൊല്ലിയുള്ള വിവാദം കോൺഗ്രസിൽ  തുടരവേ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോഴിക്കോട് എത്തി. രാവിലെ എട്ടരയ്ക്ക് കോഴിക്കോട് നടക്കുന്ന തറക്കല്ലിടൽ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രമേശ്‌ ചെന്നിത്തല,എംപിമാരായ കെ മുരളീധരൻ, എം കെ രാഘവൻ  തുടങ്ങിയവരും ചടങ്ങിൽ ഉണ്ടാവും.  തരൂർ വിഷയത്തിൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന എം കെ രാഘവനുമായി താരിഖ് അൻവർ ചർച്ച  നടത്തിയേക്കും.ഉച്ചയ്ക്കുശേഷം വയനാട്ടിൽ നടക്കുന്ന യു ഡി എഫ് യോഗത്തിൽ താരിഖ് അൻവർ പങ്കെടുക്കും.

 

പാർട്ടിക്കുള്ളിൽ നിന്ന് കൊണ്ടാണ് തൻറെ പ്രവർത്തനങ്ങളെന്നാണ് ശശി തരൂർ വിമർശകർക്ക് നൽകുന്ന മറുപടി. പ്രശ്നം തിരക്കിട്ട് കൈകാര്യം ചെയ്ത നേതൃത്വത്തിൻറെ നടപടി തരൂരിന് അമിതപ്രാധാന്യം നൽകിയെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തൽ. കൈ പൊള്ളിയ നേതൃത്വം ഇനി കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്ന നിലപാടിലാണ്. ഇന്ന് കോഴിക്കോടെത്തുന്ന താരിഖ് അൻവർ ഒത്ത് തീർപ്പ് ചർച്ച നടത്തും.

തരൂരിനൊപ്പമോ അതോ എതിരോ എന്ന നിലയിലേക്ക് സംസ്ഥാന കോൺഗ്രസ്സിലെ ബലാബലം തന്നെ മാറിമറഞ്ഞതാണ് ഇപ്പോഴത്തെ കാഴ്ച. ഈ വിവാദം ശശിതരൂരിനുണ്ടാക്കിയത് വൻ നേട്ടമാണെന്നത് വ്യക്തം. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരസ്യമായി എതിർത്ത കേരള നേതാക്കൾ മുഴുവൻ തരൂരിൻറെ അതിവേഗ നീക്കത്തിൽ വെട്ടിലായി. പാർട്ടി നയങ്ങൾ ഉയർത്തിയുള്ള പരിപാടികളെങ്ങിനെ വിമതനീക്കമാകുമെന്നാണ് തരൂരിൻറെ ചോദ്യം. സംഘപരിവാറിനെതിരായ നീക്കങ്ങളിൽ കോൺഗ്രസ് ഫോറത്തിൽ നിന്ന് തന്നെ മത-സാമുദായിക നേതാക്കളുമായും പ്രൊഫഷണലുകളുമായാണ് സംവാദങ്ങളും കൂടിക്കാഴ്ചയും. അത് കൊണ്ട് തന്നെ ഇതൊന്നും അച്ചടക്കലംഘനമായി എടുക്കാനാകില്ലെന്നത് കെപിസിസി നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി.

കോഴിക്കോട്ടെ ആദ്യ സ്വീകരണപരിപാടി വിലക്കിയത് മുതൽ തരൂർ പ്രചാരണ വിവാദം കൈകാര്യം ചെയ്തത് ശരിയായില്ലെന്നാണ് എ ഗ്രൂപ്പ് വിമർശനം. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയുള്ള നേതാക്കളാകട്ടെ തരൂരിനെ പുകഴ്ത്തുകയും ചെയ്യുന്നു. തരൂരിന് സ്വീകരണമൊരിക്കാൻ മുന്നിട്ടിറങ്ങിയ എംകെ രാഘവൻ എംപിക്കെതിരെ അച്ചടക്ക നടപടിയുടെ സാധ്യത ഇടക്ക് നേതൃത്വം ആലോചിച്ചിരുന്നു.  വൻദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് അത് മാറ്റിവെച്ചത്.  ഇനി കൂടുതൽ പ്രതികരിച്ച് തരൂരിൻറെ മൈലേജ്  കൂട്ടേണ്ടെന്നാണ് സതീശൻറെ നിലപാട്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരൂവഞ്ചൂ‌ർ രാധാകൃഷ്ണൻ മുൻകൂട്ടി തിരുവനന്തപുരത്ത് നിശ്ചയിച്ച വാർത്താസമ്മേളനം റദ്ദാക്കി. പ്രശ്നം സമവായത്തിലൂടെ തീർക്കാനാണ് നേതൃത്വത്തിൻറെ ശ്രമം. പക്ഷെ സതീശനെ തുറന്നെതിർക്കുന്ന എൻഎസ്എസ് തരൂരിനെ ജനുവരി രണ്ടിന് മന്നം ജയന്തി ആഘോഷത്തിൽ മുഖ്യാതിഥിയാക്കി പാർട്ടിക്ക് മുന്നറിയിപ്പ് നൽകുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe