ഡിസിസി ഓഫീസില്‍ പെയിന്‍റിംഗ് വിവാദം; തൃശ്ശൂർ ഡിസിസി ഓഫീസ് പെയിന്‍റ് ചെയ്തപ്പോള്‍ ബിജെപി പതാകയുടെ നിറമായി

news image
Sep 14, 2022, 5:15 am GMT+0000 payyolionline.in

തൃശ്ശൂർ: തൃശ്ശൂർ ഡിസിസി ഓഫീസിൽ പെയിന്‍റിംഗ് വിവാദം. ഡിസിസി ഓഫീസ് പെയിന്‍റ് ചെയ്തപ്പോള്‍ ബിജെപി പതാകയുടെ നിറമായി. അബദ്ധം പറ്റിയത് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പെയിന്‍റ് മാറ്റി അടിക്കാന്‍ നേതാക്കൾ നിര്‍ദ്ദേശിച്ചു.

തൃശൂർ ഡിസിസി ഓഫീസ് പെയിന്‍റ് ചെയ്തപ്പോൾ വൻ അമളിയാണ് സംഭവിച്ചത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോ‍ഡോ യാത്ര തൃശ്ശൂർ ജില്ലയിൽ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസില്‍ മിനുക്ക് പണി നടത്തിയത്. ഓഫീസ് പെയിന്‍റടിച്ച് കുട്ടപ്പനാക്കാൻ നേതാക്കൾ തീരുമാനിച്ചു. തൂവെള്ള നിറത്തിലായിരുന്നു തൃശ്ശൂർ ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ കരുണാകരൻ സ്മൃതി മന്ദിരം ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് പാർട്ടി പതാകയുടെ ത്രിവർണം തന്നെ കെട്ടിടത്തിന് ആയിക്കോട്ടെയെന്ന്  നേതാക്കൾ തീരുമാനിച്ചത്. ഇന്നലെ രാത്രി മുതൽ പെയിന്‍റ് അടി തുടങ്ങി. പക്ഷെ, പെയിന്‍റ് അടിച്ച് കഴിഞ്ഞപ്പോൾ എവിടെയോ എന്തോ തകരാറ് പോലെ. ഇത് വർഗ്ഗ ശത്രുക്കളായ ബിജെപിയുടേത് അല്ലയോയെന്ന് ചിലർക്ക് സംശയം.

പെയിന്‍റിംഗ് തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധം. പെയിന്‍റിംഗ് അടിച്ചുവന്നപ്പോൾഡിസിസി ഓഫീസിന് പച്ചയും കാവിയും മാത്രമായി. അബദ്ധം പറ്റിയത് മനസിലായപ്പോൾ നേതാക്കൾ പിന്നെ ഒന്നും നോക്കിയില്ല, കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷം ഇറക്കിച്ചു.  അടിയന്തിരമായി കെട്ടിയത്തിന്‍റെ പെയിന്‍റ് മാറ്റി അടിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe