ട്രെയിനിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ രണ്ട് ജവാന്മാർ അറസ്റ്റിൽ

news image
Jan 19, 2023, 4:04 am GMT+0000 payyolionline.in

പട്‌ന: സ്‌കൂൾ വിദ്യാർഥിനികളോട് ട്രെയിനിൽ മോശമായി പെരുമാറിയ രണ്ട് ജവാന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ചപ്രയിൽ രാജധാനി എക്സ്പ്രസിലാണ് സംഭവം. അസമിലെ ആർമി ഉദ്യോസ്ഥനും ജമ്മു സ്വദേശിയുമായ അമർജീത് സിങ്, അരുണാചൽ പ്രദേശിലെ ഐ.ടി.ബി.പി ജവാനും പഞ്ചാബ് സ്വദേശിയുമായ മുകേഷ് കുമാർ സിങ് എന്നിവരെ അറസ്റ്റ് ചെയ്തതായി ചപ്ര ജനറൽ റെയിൽവേ പൊലീസ് അറിയിച്ചു.

സിക്കിമിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന നവോദയ വിദ്യാലയത്തിലെ കുട്ടികൾക്കാണ് ദുരനുഭവം ഉണ്ടായത്. ന്യൂ ജൽപായ്ഗുരി റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയ വിദ്യാർഥികളോട് ദിബ്രുഗഡ്-ഡൽഹി യാത്രാമധ്യേയാണ് ഇരുവരും മോശമായി പെരുമാറിയത്. മദ്യപിച്ചെത്തിയ പ്രതികൾ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നാണ് സ്കൂൾ പ്രിൻസിപ്പൽ വിനികുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

‘ട്രെയിനിലെ ബി-11കോച്ചിലാണ് വിദ്യാർഥികളുമായി യാത്ര ചെയ്തത്. രണ്ട് ജവാന്മാരും ഇതേ കോച്ചിലായിരുന്നു. പെൺകുട്ടികളോട് ഇവർ മോശമായി പെരുമാറാൻ തുടങ്ങി. അശ്ലീല ചുവയോടെ സംസാരം തുടങ്ങിയപ്പോൾ ഉടൻ കോച്ച് അറ്റന്‍റന്‍റിനെ വിവമറിയിച്ചു- വിനയ്കുമാർ പറഞ്ഞു.

സംഭവം അറിഞ്ഞതിനെ തുടർന്ന് ആർ.പി.എഫും ജി.ആർ.പിയും ചപ്ര ജംങ്ഷനിൽ പ്രതികളെ പിടികൂടാൻ കാത്തുനിന്നു. ട്രെയിൻ സ്റ്റേഷനിൽ എത്തിയതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സംഭവം സ്ഥിരീകരിച്ച് ചപ്ര എസ്.എച്ച്.ഒ രാജേഷ് കുമാർസിങ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe