ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പിന്നിൽ രാജസ്ഥാൻ സ്വദേശി

news image
Nov 26, 2022, 3:08 am GMT+0000 payyolionline.in

കുറ്റിപ്പുറം (മലപ്പുറം) ∙ ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളികളെ ഉത്തർപ്രദേശിലെത്തിച്ച് എത്തിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത് രാജസ്ഥാൻ സ്വദേശിയെന്നു പൊലീസ്. ഇതേ രീതിയിൽ മറ്റുസ്ഥലങ്ങളിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു. എടപ്പാൾ, തിരുവനന്തപുരം സ്വദേശികളെ മീററ്റിലെ നക്ഷത്ര ഹോട്ടലിൽ മയക്കിക്കിടത്തി 5 ലക്ഷത്തിലേറെ രൂപയാണ് ഇയാൾ തട്ടിയത്. ഭക്ഷണത്തിൽ മരുന്ന് നൽകി മയക്കിയതിനെ തുടർന്ന് ഹോട്ടലിൽ അവശനിലയിൽ കണ്ടെത്തിയവരെ ഇന്നലെ മീററ്റിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഉത്തർപ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

തട്ടിപ്പിനു പിന്നിൽ വൻ സംഘമുണ്ടെന്നാണു സൂചന. ജർമനിയിൽ മികച്ച ശമ്പളത്തിൽ ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് എടപ്പാൾ പെരുമ്പറമ്പ് സ്വദേശിയായ യുവാവ് അഭിമുഖത്തിനായി പിതാവിനൊപ്പം 23ന് യാത്ര തിരിച്ചത്. വിമാന മാർഗമാണ് ഇവർ മീററ്റിൽ എത്തിയത്. നേരിട്ടുള്ള അഭിമുഖത്തിന് മുൻപായി ഓൺലൈൻ അഭിമുഖം പൂർത്തിയാക്കിയിരുന്നു. ജർമനിയിലേക്കു യാത്ര തിരിക്കാൻ ബാങ്കിൽ ചുരുങ്ങിയത് 2.5 ലക്ഷം രൂപ ആവശ്യമാണെന്ന് ഓൺലൈ‍ൻ അഭിമുഖത്തിനിടെ അറിയിച്ചിരുന്നു.

മീററ്റിൽ എത്തിയ ഇവർക്ക് ഏജന്റെന്ന് പരിചയപ്പെടുത്തിയ ആൾ നക്ഷത്ര ഹോട്ടലിലാണ് താമസം ഒരുക്കിയത്. എടപ്പാൾ സ്വദേശിക്കു പുറമേ തിരുവനന്തപുരത്തുനിന്നുള്ള ദമ്പതിമാരും ഇവരുടെ കുട്ടിയും ഹോട്ടലിൽ ഉണ്ടായിരുന്നു. വൈകിട്ട് അഭിമുഖം കഴിഞ്ഞ ശേഷം മുറികളിൽ എത്തിച്ച ജ്യൂസ് അടക്കമുള്ള ഭക്ഷണം കഴിച്ചതോടെയാണ് കുട്ടി ഉൾപ്പെടെ 5 പേരും അബോധാവസ്ഥയിലായത്. ഭക്ഷണം കഴിച്ച് തളർച്ച അനുഭവപ്പെട്ടതോടെ ഭീഷണിപ്പെടുത്തിയാണ് എടിഎം കാർഡുകളും കൈവശമുണ്ടായിരുന്ന പണവും തട്ടിയെടുത്തതെന്നു പറയുന്നു. തട്ടിപ്പിന് ഇരയായവർക്ക് സംഭവത്തെക്കുറിച്ച് വ്യക്തമായ ഓർമയില്ല.

45 വയസ്സ് പ്രായമുള്ള രാജസ്ഥാൻ സ്വദേശി മാത്രമാണ് അഭിമുഖത്തിനായി ഉണ്ടായിരുന്നതെന്ന് പറയുന്നു. കൈവശം ഉണ്ടായിരുന്ന പണത്തിനു പുറമേ തട്ടിയെടുത്ത എടിഎം കാർഡ് ഉപയോഗിച്ച് സ്വർണമടക്കമുള്ള വിലകൂടിയ സാധനങ്ങളും വാങ്ങിയിട്ടുണ്ട്. ഹോട്ടലിലെയും ജ്വല്ലറിയിലെയും സിസിടിവിയിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട് എടപ്പാൾ സ്വദേശിയുടെ 2 ലക്ഷത്തോളം രൂപയും തിരുവനന്തപുരം സ്വദേശിയുടെ 3 ലക്ഷത്തോളവുമാണ് നഷ്ടമായത്. കേരളത്തിലടക്കം പരസ്യം നൽകി തട്ടിപ്പ് നടത്തുന്നതിനു പിന്നിൽ വൻ സംഘമുണ്ടെന്നാണു പൊലീസ് കരുതുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe