ജയ്പൂരിൽ യുവാവിനെ വെടിവെച്ച് കൊന്നു; സംഘർഷ ഭീതിയിൽ പ്രദേശത്ത് ഇന്‍റർനെറ്റ് വിച്ഛേദിച്ചു

news image
Nov 25, 2022, 5:38 am GMT+0000 payyolionline.in

ജയ്പൂർ: ആറു മാസം മുമ്പ് നടന്ന കൊലപാതകത്തിന് പ്രതികാരവുമായി യുവാവിനെ വെടിവെച്ച് കൊന്നു. യുവാവിന്‍റെ സഹോദരന് പരിക്കേറ്റു. രാജസ്ഥാനിലെ ഭിൽവാര നഗരത്തിലാണ് സംഭവം. 34കാരനായ ഇബ്രാഹീം പത്താൻ ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തെ തുടർന്ന് ഭിൽവാര നഗരത്തിൽ 48 മണിക്കൂർ ഇന്‍റർനെറ്റ് വിച്ഛേദിച്ചതായി പൊലീസ് അറിയിച്ചു. മേയിൽ നടന്ന ആദർശ് തപാഡിയ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ബൈക്കുകളിലെത്തിയ നാല് പേർ സഹോദരങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ് വിവിധയിടങ്ങളിൽ ജനക്കൂട്ടം തടിച്ചുകൂടി. മുൻകരുതൽ നടപടിയായി നഗരത്തിൽ അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഹവ സിങ് ഘുമാരിയ പറഞ്ഞു.

ഭിൽവാരയിൽ രണ്ടു സംഘങ്ങൾ തമ്മിലെ തർക്കത്തിനിടെയാണ് ആറു മാസം മുമ്പ് ആദർശ് തപാഡിയ എന്ന യുവാവ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേർ അറസ്റ്റിലായിരുന്നു. എന്നാൽ, സംഭവം വര്‍ഗീയവല്‍ക്കരിച്ച് സംഘര്‍ഷത്തിന് സംഘ് പരിവാർ ശ്രമിച്ചിരുന്നു. ഇതോടെ, വർഗീയ സംഘർഷ ഭീതിയിലായ ഭിൽവാരയിൽ അന്നും ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe