അഞ്ച് പതിറ്റാണ്ട് ഹൃദയത്തിൽ സൂക്ഷിച്ച പുതുപ്പള്ളിയുടെ മടിത്തട്ടിലേക്ക് ഉമ്മൻ ചാണ്ടിയെത്തി. ഇത്തവണ പതിവ് പരാതികളൊന്നും ബോധിപ്പിക്കാനല്ലാതെ ആയിരങ്ങൾ സാക്ഷിയാകാനെത്തി. ഒടുവിലത്തെ യാത്ര പറയാൻ വന്നവരിൽ ഏറെയും സ്വയം തളർന്നിരുന്നു. തിരുനക്കര മൈതാനിയിൽനിന്നാരംഭിച്ച യാത്രയിൽ ഉടനീളം വികാരഭരിതമായ രംഗങ്ങളായിരുന്നു.
തറവാടായ കരോട്ട് വള്ളക്കാലില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പുതിയ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ പ്രാര്‍ഥന പൂര്‍ത്തിയാക്കി പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോവുകയാണ്. പള്ളിക്കുള്ളില്‍ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിക്കും. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്‍മാരും സഹകാര്‍മികരാകും.
രാത്രി വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം ഇന്നുതന്നെ നടത്തുന്നതിന് ജില്ല കലക്ടർ അനുമതി നൽകിയിട്ടുണ്ട്. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അധികൃതരും അറിയിച്ചു.
ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ നിർമാണം നടക്കുന്ന വീട്ടുപരിസരത്ത് അവസാനമായി ഒരുനോക്കു കാണാൻ കാത്തുനിൽക്കുന്നവർ തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച വിലാപയാത്ര 28 മണിക്കൂർ പിന്നിട്ടാണ് തിരുനക്കരയിൽ എത്തിയത്. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വൈകാതെ പുതുപ്പള്ളിയിലെത്തിച്ചേരും. കർദിനാൾ മാർ ആലഞ്ചേരിയും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
തലസ്ഥാനത്തെ വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ രാവിലെ ഏഴിനാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ പുതുപ്പള്ളി ഹൗസിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ ജന്മനാട്ടിലേക്ക് വിലാപയാത്ര പുറപ്പെട്ടത്. എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു.
പ്രിയനേതാവിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ റോഡിന് ഇരുവശവും തടിച്ചുകൂടിയതോടെ വിലാപയാത്രയുടെ മുൻനിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി. കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് ജനം വഴിനീളെ നേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരുന്നത്. രാത്രിയിലും മഴയത്തും ഹൃദയാഭിവാദ്യം അർപ്പിക്കാൻ വഴിയരികയിൽ കാത്തുനിന്നത് ആയിരക്കണക്കിനാളുകളാണ്.