തിരുവനന്തപുരം > സംസ്ഥാനത്ത് ചൂട് ഉയർന്നു തന്നെ. താപനില ഉയരുന്നതിനാൽ വ്യാഴാഴ്ച ഒമ്പത് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.
പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രിവരെയും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രിവരെയും തൃശൂരിൽ 37 ഡിഗ്രിവരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രതാ മുന്നറിയിപ്പുകൾ സ്വീകരിക്കണമെന്ന് സമസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.